covid-vaccine

മോസ്കോ: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ സ്‌പുട്നിക് 5ന്റെ 10കോടി ഡോസ് ഇന്ത്യയ്ക്ക് നൽകും. ഇന്ത്യയിലെ ഒന്നാംനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് ആണ് വാക്സിൻ വിതരണം ചെയ്യുക. ഇന്ത്യയിൽ റെഗുലേറ്ററി അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ വാക്സിൻ പരീക്ഷണവും വിതരണവും തുടങ്ങുമെന്ന് റഷ്യ അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. കസാക്കിസ്ഥാൻ, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലും വാക്സിൻ വിതരണത്തിന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) കരാറായിട്ടുണ്ട്. ലോകത്തെ ആദ്യത്തെ കൊകൊവിഡ് വാക്സിൻ എന്ന അവകാശവാദവുമായി എത്തിയ സ്പുട്നിക് 5ന്റെ നിർമാണത്തിൽ നേരത്തെ തന്നെ ഇന്ത്യയുടെ പങ്കാളിത്തം തേടിയിരുന്നു. സ്പുട്നിക് 5 വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നു റഷ്യ അഭിപ്രായപ്പെട്ടു. മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് സ്പുട്നിക് 5 വികസിപ്പിച്ചത്. റഷ്യക്ക് പുറമേ, യു.എ.ഇ, സൗദി അറേബ്യ, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലും വാക്സിൻ പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്.