modi

ന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ ഉന്നതരെ ചെെന നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. അന്വേഷണത്തിന് സൈബർ സുരക്ഷ കോർഡിനേറ്റർ നേത‌ൃത്വം നൽകും. അതസമയം കോൺഗ്രസ് വിഷയം പാർലമെന്റിൽ ഉയർത്തികാണിക്കുകയും സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുളള രാജ്യത്തെ ഭരണഘടനാപദവികൾ വഹിക്കുന്നതവരെ ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനം നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രസിഡന്‌റ് സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കര-വ്യോമ-നാവിക സേനകളുടെ മേധാവികള്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചൈനയുടെ നിരീക്ഷണത്തിലാണെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോ‌ർട്ട് ചെയ്തത്.

ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ.