ipl

ദുബായ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 13-ാം സീസണിന് അരങ്ങൊരുങ്ങി. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30ന് നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസും റണ്ണറപ്പുകളായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുക. ഇന്ത്യൻ ടീമൊ താരങ്ങളൊ കളിക്കളത്തിൽ ഇറങ്ങിയിട്ട് ആറ് മാസമായി. ഇന്ത്യൻ താരങ്ങളുടെ കളിക്കളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ഐ.പി.എൽ

കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ മേയ് വരെ ഇന്ത്യയിൽ നടത്തേണ്ടിയിരുന്ന ടൂർണമെന്റ് യു.എ.ഇയിലേക്ക് മാറ്രുകയായിരുന്നു. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദുബായിലെത്തി സാഹചര്യങ്ങൾ വിലയിരുത്തി. കാണികളെ പ്രവേശിപ്പിക്കാതെ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായാണ് ടൂർണമെന്റ് നടത്തുന്നത്.

ടീമുകളെല്ലാം യു.എ.ഇയിലെത്തി ക്വാറന്റൈനിൽ കഴിയുകയും പിന്നീട് പരിശീലനം തുടങ്ങുകയും ചെയ്തു. ചെന്നൈ സൂപ്പർ കിംഗ്സിലെ ദീപക് ചഹറിനും ഋതുരാജിനും സപ്പോർട്ടിംഗ് സ്റ്റാഫിനും ഉൾപ്പെടെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പടർത്തിയിരുന്നു. എന്നാൽ ചഹറും മറ്രും കൊവിഡ് മുക്തരായി. അതേസമയം ഋതുരാജ് ഇപ്പോഴും പൊസിറ്രാവാണെന്നാണ് വിവരം. അദ്ദേഹം ശനിയാഴാച മുംബയ്ക്കെതിരെ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ടൂർണമെന്റിൽ നിന്ന് പിന്മാറിയ സുരേഷ് റെയ്നയ്ക്ക് പകരം ബാറ്രിംഗ് ഓർഡറിൽ മുൻനിരയിൽ പരിഗണിക്കുന്ന താരമാണ് ഋതുരാജ്. ഏകദിന പരമ്പരയിൽ കളിക്കുന്നതിനാൽ ആസ്ട്രേലിയയുടേയും ഇംഗ്ലണ്ടിന്റെയും താരങ്ങൾക്ക് ആദ്യ ദിനങ്ങളിലെ മത്സരം നഷ്ടമാകും. ക്വാറന്റൈൻ മൂന്ന് ദിവസമായി കുറച്ചു തരണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ - ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവോയെ മാറ്റി ഡ്രീം11 നെയാണ് ഇത്തവണത്തെ ഐ.പി.എല്ലിന്റെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്തിരിക്കുന്നത്.

കെ.എൻ. അനന്തപത്മനാഭൻ ഉൾപ്പെടെയുള്ള അമ്പർമാരും മാച്ച് റഫറിമാരും കൊവിഡ് പരിശോധനകളിൽ

നെഗറ്റീവാണെന്നത് ഐ.പി.എൽ അധികൃതർക്ക് വലിയ ആശ്വാസമാണ്.

ഏറ്രവും കൂടുതൽ തവണ ഐ.പി.എൽ ചമ്പ്യൻമാരായത് മുംബയ് ഇന്ത്യൻസാണ് -4 തവണ (2013,2015, 2017,2019)

സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഡിസ്നി ഹോട്ട്‌സ്റ്റാറിലും ലൈവ്

ഞായർ ദിവസങ്ങളിൽ മലയാളം കമന്ററിയുണ്ടാകും

ഏഷ്യാനെറ്ര് മൂവീസിൽ

വിവോയ്ക്ക് പകരം ഡ്രീം11 ആണ് ഇത്തവണത്തെ മുഖ്യസ്പോൺസർ