ന്യൂഡൽഹി : ചൈനീസ് ആപ്പുകൾക്കെതിരെയുള്ള നീക്കം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് ആപ്പുികൾക്ക് ബദലായുള്ള മികച്ച ഇന്ത്യന്‍ ആപ്പുകള്‍ കണ്ടെത്തുന്നതിനായി ലഭിച്ച 7000 അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരത് ചലഞ്ചിന്റെ ഭാഗമായാണ് അപേക്ഷകള്‍ ലഭിച്ചത്. ആഭ്യന്തര ഡിജിറ്റല്‍ മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ആപ്പുകള്‍ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 224 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക് ഉള്‍പ്പെടെ ജനങ്ങള്‍ ഏറെ ഉപയോഗിച്ചിരുന്ന ചൈനീസ് ആപ്പുകളാണ് ആഭ്യന്തരരംഗത്ത് ഡിജിറ്റല്‍ വിപ്ലവത്തിന് കളമൊരുക്കുന്നതിന് വേണ്ടി നിരോധിച്ചത്. രാജ്യ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചൈനീസ് ആപ്പുകള്‍ക്ക് എതിരെയുള്ള നടപടി.
ഇതിന് പിന്നാലെയാണ് മികച്ച ഇന്ത്യന്‍ ആപ്പുകള്‍ കണ്ടെത്തുന്നതിനുളള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയത്. ചൈനയ്‌ക്കെതിരെയുളള ഇന്ത്യയിലെ ജനങ്ങളുടെ പ്രതിഷേധവും ഇതിന് ആക്കംകൂട്ടി. ഇതിന്റെ ഭാഗമായി വിവര സാങ്കേതികവകുപ്പ് മന്ത്രാലയത്തിന് 7000 അപേക്ഷകളാണ് ലഭിച്ചത്. ജനങ്ങള്‍ക്ക് പ്രയോജനകരമായ ആപ്പുകള്‍ കണ്ടെത്തുന്നതിന് പരിശോധന നടന്നുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.