pic

ന്യൂഡൽഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ രാജ്യത്തെ പതിനായിരം വിശിഷ്ട വ്യക്തികളുടെ നീക്കങ്ങൾ ചെെന നിരീക്ഷിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് 30 ദിവസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തന്നെ അറിയിച്ചതായും വേണുഗോപാൽ പറഞ്ഞു. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡിന്റെ സഹായത്തോടെ ചെെന ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ദേശീയ മാദ്ധ്യമം വാർത്ത നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുന്നത്. ദേശീയ സെെബർ സുരക്ഷ കോർഡിനേറ്ററിനെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. 30 ദിവസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിർദേശിച്ചു. മാദ്ധ്യമ വാർത്ത ഉയർത്തിക്കാട്ടി രാജ്യസഭയിൽ വേണുഗോപാൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എസ്.ജയശങ്കർ. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടോയെന്നും എങ്കിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ ചോദ്യം.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രസിഡന്‌റ് സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കര-വ്യോമ-നാവിക സേനകളുടെ മേധാവികള്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചൈനയുടെ നിരീക്ഷണത്തിലാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Replying to my zero hour intervention on Chinese surveillance, Hon'ble External Affairs Minister Dr. S. Jaishankar informed us that the Govt has taken the matter seriously & constituted an expert committee to assess this within 30 days. We expect quick action on this.

— K C Venugopal (@kcvenugopalmp) September 16, 2020