തിരുവനന്തപുരം/കൊച്ചി: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്തതോടെ ജലീലിന്റെ മന്ത്രിസ്ഥാനം തുലാസിലായി. ഇന്ന് രാവിലെ 10 മണി മുതലാണ് എൻ.ഐ.എയുടെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘം ജലീലിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. നേരത്തെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു.
എൻ.ഐ.എ തേടുന്നത്
കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലെത്തിയ എൻ.ഐ.എ സംഘം, ചോദ്യം ചെയ്യലിൽ ഇ.ഡിക്ക് ജലീൽ നൽകിയ മൊഴികൾ പരിശോധിച്ചിരുന്നു. ഇവയുടെ പകർപ്പും വാങ്ങി. ഈ മൊഴി വിശദമായി വിലയിരുത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജാരാകാൻ ജലീലിന് നോട്ടീസ് നൽകിയത്. ജലീലിനെ ചോദ്യം ചെയ്യുന്നതിനായി രണ്ട് സെറ്റ് ചോദ്യാവലിയും എൻ.ഐ.എ തയ്യാറാക്കി. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യാവലിയും ജലീലിന്റെ മൊഴിയെ ആസ്‌പദമാക്കിയുള്ള ചോദ്യങ്ങളുമാണ് എൻ.ഐ.എ തയ്യാറാക്കിയിരിക്കുന്നത്.
യു.എ.ഇയിൽ നിന്ന് മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിലെ പ്രോട്ടോക്കോൾ ലംഘനത്തിലാണ് ഇ.ഡി കേന്ദ്രീകരിച്ചതെങ്കിൽ എൻ.ഐ.എ തേടുന്നത് നയതന്ത്ര പാഴ്‌സലിന്റെ മറവിൽ സ്വർണം കടത്തിയോ എന്നതിനുള്ള ഉത്തരമാണ്. നയതന്ത്ര കാർഗോ ആയി 250 പാക്കറ്റുകളിൽ മതഗ്രന്ഥമെന്ന പേരിൽ 4478 കിലോ കാർഗോയാണ് യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ പേരിൽ തലസ്ഥാനത്ത് എത്തിച്ചത്. പാക്കറ്റുകൾക്ക് ഓരോന്നിനും 17.91കിലോ ഭാരമാണുണ്ടായിരുന്നത്. സി ആപ്‌റ്റിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത ഒരു മതഗ്രന്ഥത്തിനുണ്ടായിരുന്ന തൂക്കം 576ഗ്രാം ആയിരുന്നു. ഒരു പാക്കറ്റിൽ 31 ഗ്രന്ഥങ്ങളാണുണ്ടായിരുന്നത്.അങ്ങനെയെങ്കിൽ 250 പാക്കറ്റുകളുടെ തൂക്കം 4464 കിലോഗ്രാമാണ്. എയർവേ ബില്ലിലെ തൂക്കവും സാമ്പിൾ പരിശോധനയിലെ തൂക്കവും തമ്മിൽ 14 കിലോയുടെ വ്യത്യാസം. ഈ 14 കിലോയുടെ ദുരൂഹതയാണ് നീങ്ങേണ്ടത്. ഈ 14 കിലോ സ്വർണമാണോയെന്ന സംശയത്തിലാണ് എൻ.ഐ.എ. 250 പാക്കറ്റുകളിൽ കാർഗോയിലെത്തിച്ച മതഗ്രന്ഥങ്ങളിൽ 32പാക്കറ്റാണ് സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത്. ബാക്കി എവിടെയെന്ന് അറിയില്ല. ഇതും എൻ.ഐ.എയിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്.
വിളിപ്പിച്ചത് രാവിലെ 9ന് 6ന് തന്നെ ജലീൽ ഹാജർ
ഇന്നലെ മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത ശേഷം വൈകിട്ട് വരെ തലസ്ഥാനത്തുണ്ടായിരുന്ന ജലീൽ രാത്രിയോടെ ആലുവ ഗസ്‌റ്റ് ഹൗസിലേക്ക് പോയി. അവിടെ തങ്ങിയ മന്ത്രി, പുലർച്ചെ 6ന് ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിൽ എൻ.ഐ.എ ഓഫീസിൽ എത്തുകയായിരുന്നു. അർദ്ധരാത്രി തന്നെ ചോദ്യം ചെയ്യലിന് എത്താമെന്ന് ജലീൽ എൻ.ഐ.എ ഉദ്യോഗസ്ഥരെ അറിയച്ചെങ്കിലും വേണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
രഹസ്യമായി എത്താൻനോക്കി മാദ്ധ്യമങ്ങൾ ഓടിയെത്തി
നേരത്തെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മാദ്ധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് സുഹൃത്തായ വ്യവസായിയുടെ കാറിലായിരുന്നു ജലീൽ ഇ.ഡിയുടെ ഓഫീസിൽ ഹാജരായത്. ഇന്ന് എൻ.ഐ.എ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴും ആ നാടകീയതയും രഹസ്യാത്മകതയും നിലനിറുത്തിയായിരുന്നു ജലീൽ എത്തിയത്. മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപെടാതിരിക്കുന്നതിനായി മന്ത്രി ഔദ്യോഗിക വാഹനം തന്ത്രപൂർവം ഒഴിവാക്കി. ആലുവ ഗസ്‌റ്റ് ഹൗസിൽ എത്തിയ മന്ത്രി വിശ്രമത്തിനു ശേഷം പുലർച്ചെ 1.30ന് സുഹൃത്തും ആലുവ മുൻ എം.എൽ.എയുമായ എ.എം.യൂസഫിനെ ഫോണിൽ വിളിച്ച് കാർ ആവശ്യപ്പെട്ടു. പുലർച്ചെ തനിക്ക് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലേക്ക് പോകുന്നതിനായി കാർ വേണമെന്നായിരുന്നു ജലീൽ പറഞ്ഞത്. മന്ത്രി നേരിട്ട് വിളിച്ച് വാഹനം ആവശ്യപ്പെടുകയായിരുന്നു എന്ന് എ.എം യൂസഫും സ്ഥിരീകരിച്ചു.
പൊലീസ് വലയത്തിൽ എൻ.ഐ.എ ഓഫീസ്
ചോദ്യം ചെയ്യലിന് ജലീൽ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എൻ.ഐ.എ ഓഫീസിന് ചുറ്റും നിരന്നു. ഓഫീസിന് മുന്നിലൂടെയുള്ള വഴികളെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷയൊരുക്കി. ആവശ്യത്തിന് പൊലീസുകാരെയും വിന്യസിച്ചു. ഇപ്പോൾ വലിയ പൊലീസ് പടതന്നെ എൻ.ഐ.എ ഓഫീസിന് മുന്നിലുണ്ട്. മാദ്ധ്യമ പ്രവർത്തകരുടെ സംഘവും ഓഫീസിന് മുന്നിലുണ്ട്. ഇപ്പോൾ കേരളത്തിന്റെയാകെ ശ്രദ്ധാകേന്ദ്രം ഈ എൻ.ഐ.എ ഓഫീസാണ്.