തിരുവനന്തപുരം: പി സി തോമസിനെ യു.ഡി.എഫ് പാളയത്തിലേക്ക് തിരികെയെത്തിക്കാനുളള കണക്കുകൂട്ടലുകളുമായി പി ജെ ജോസഫ് വിഭാഗം. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പേരും ചിഹ്നവും സംബന്ധിച്ച കോടതി വിധി എതിരായാൽ ഇരു പാർട്ടികളും ലയിക്കുമെന്നാണ് നേതാക്കൾ സൂചന നൽകുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് എൻ.ഡി.എയിൽ നിൽക്കുന്ന പി.സി തോമസ് വിഭാഗമാണ്. കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ പി.സി തോമസ് വിഭാഗവുമായി ഒന്നിച്ച് യഥാർത്ഥ കേരള കോൺഗ്രസെന്ന പേര് കൈവശപ്പെടുത്തിയാൽ മതിയെന്നാണ് ജോസഫ് ഗ്രൂപ്പിൽ ഉരുത്തിരിഞ്ഞ ധാരണ.
അങ്ങനെയെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുവിഭാഗവും ലയിക്കും. ഇതിനായുളള അനൗദ്യോഗിക ചർച്ചകൾ പിന്നണിയിൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നവും പേരും ജോസ് വിഭാഗത്തിന് നൽകിയതോടെ വെട്ടിലായ ജോസഫ് വിഭാഗം പുതിയ നീക്കങ്ങൾ നടത്തുന്നതായി നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ തീരുമാനം കോടതി സ്റ്റേ ചെയ്‌തതോടെ പിന്നീട് ചർച്ചകൾ നടന്നില്ല. ജോസഫിനെ സംബന്ധിച്ച് നിലവിൽ കേരള കോൺഗ്രസ് എം എന്ന പേരും ചിഹ്നവും തിരിച്ചുപിടിക്കേണ്ടത് അഭിമാനപ്രശ്‌നമാണ്. അല്ലെങ്കിൽ വിപ്പ് ലംഘനം അടക്കമുളള നിയമകുരുക്കിലേക്ക് കാര്യങ്ങൾ നീങ്ങും. പേരും പദവിയും നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടായാൽ കേരള കോൺഗ്രസ് എന്ന പേര് നിലനിർത്തി അഭിമാനം സംരക്ഷിക്കാൻ പി.സി തോമസിനെ ഒപ്പം കൂട്ടുക എന്നതാകും മുന്നിലുളള വഴി.
യു.ഡി.എഫിലേക്ക് വരുന്നതിന് പകരമായി പി.സി തോമസിന് മുന്നിൽ ജോസഫ് വിഭാഗം വയ്‌ക്കുന്ന ഓഫർ പാലാ സീറ്റാണ്. ജോസ് വിഭാഗം പോയതോടെ പാലാ സീറ്റിനായി യു.ഡി.എഫിൽ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കും. അങ്ങനെ കിട്ടുന്ന സീറ്റ് തോമസിന് കൊടുക്കാമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്.
ജോസഫ് വിഭാഗത്തിലെ നേതാക്കളും പി.സി തോമസും തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നേരത്തെ നടന്നിരുന്നു. എന്നാൽ മുന്നണി മാറ്റമായിരുന്നു നേതാക്കളെ കുഴയ്‌ക്കുന്ന പ്രധാന വിഷയം. പി.ജെ ജോസഫ് എൻ.ഡി.എയിലേക്ക് വരട്ടെയെന്നായിരുന്നു രണ്ടാഴ്ച മുമ്പുളള പി.സി തോമസിന്റെ പ്രതികരണം. ജോസഫിനും ഒപ്പമുള്ളവർക്കും എൻ.ഡി.എ പ്രവേശനം എന്നത് ആത്മഹത്യാപരമാണ്. പി.സി തോമസിനോട് യു.ഡി.എഫിലേക്ക് വരാനാണ് ജോസഫ് വിഭാഗം നേതാക്കൾ അന്ന് ആവശ്യപ്പെട്ടത്. എന്നാൽ എൻ.ഡി.എ വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ചർച്ചകൾ തുടരുമെന്ന് ജോസഫ് വിഭാഗം നേതാക്കൾ സൂചന നൽകിയിരുന്നു. മുന്നണി മാറ്റം വിഷയമായതോടെയാണ് പാലാ സീറ്റ് തോമസിനെന്ന ഓഫർ ജോസഫ് വിഭാഗം മുന്നോട്ട് വയ്‌ക്കുന്നത്. അതേസമയം കോടതി വിധിയ്‌ക്ക് ശേഷം മാത്രമേ മറ്റ് രാഷ്ട്രീയ നീക്കങ്ങളെപ്പറ്റി ആലോചിക്കുകയുളളൂവെന്നും നേതാക്കൾ പറയുന്നു.
ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും വാർത്ത നിഷേധിക്കുന്നുവെന്നുമാണ് പി.സി തോമസ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞത്. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് എം എന്ന പേര് കിട്ടാൻ വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ പേര് കിട്ടിയില്ലെങ്കിൽ ജോസ് കെ മാണി ഇടതുമുന്നണിയുമായി ചേർന്ന് ജോസഫിനും ഒപ്പമുളളവർക്കും എതിരെ അയോഗ്യത നടപടികളിലേക്ക് നീങ്ങും. അതുകൊണ്ട് തന്നെ അവരുടെ മുന്നിൽ ആദ്യ പരിഗണന കേരള കോൺഗ്രസ് എന്ന പേരിനെക്കാൾ കേരള കോൺഗ്രസ് എം എന്ന പേരിനായിരിക്കുമെന്നും പി.സി തോമസ് വ്യക്തമാക്കി.