കൊല്ലം:ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ചവറ പൊലീസ് പിടികൂടി റിമാൻഡ് ചെയ്ത തൃശൂർ അയ്യന്തോൾ ശ്രേയസിൽ ഗീതാ രാജഗോപാൽ (ഗീതാറാണി63) തട്ടിപ്പിന്റെ റാണി. ചവറ കെ.എം.എം.എല്ലിലെ ഇലക്ട്രോണിക് മെക്കാനിക്കിന്റേതുൾപ്പെടെ നിരവധി തസ്തികകളിൽ ജോലി വാഗ്ദ്ധാനം ചെയ്താണ് ഗീതാരാജ ഗോപാലും കൂട്ടുപ്രതി ചവറ പയ്യലക്കാവ് മാണുവേലിൽകോട്ടയ്ക്കകം സദാനന്ദനും (55)കോടികളുടെ തട്ടിപ്പ് നടത്തിയത്.
ഒന്നാം പ്രതിയായ സദാനന്ദൻ തട്ടിപ്പ് കേസുകളിൽ അറസ്റ്റിലാകുന്നത് ആദ്യമാണെങ്കിലും ഗീതാരാജഗോപാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളിൽ പ്രതിയാണ്. തൃശൂർ, എറണാകുളം ജില്ലകളിൽ ഗീതാറാണി പ്രതിയായി അന്വേഷണത്തിലിരിക്കുന്ന അര ഡസനോളം കേസുകൾ കരുനാഗപ്പള്ളികോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പരാമർശിക്കുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കൊല്ലം ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും ഗീതാറാണിക്കെതിരെ കേസുകളുണ്ട്. ചവറയിൽ ഏറ്റവും ഒടുവിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ മാത്രം കോടികളുടെ തട്ടിപ്പാണ് വെളിപ്പെട്ടത്. ബാങ്കുകൾ, റെയിൽവേ, മിലിട്ടറി, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയുടെപേരിൽ തട്ടിപ്പ് നടത്തിയ ഗീതാറാണി പി.എസ്.സിയുടെപേരിലും തട്ടിപ്പിന് മുതിർന്നിട്ടുണ്ട്.
ഒറിജിനലിനെ വെല്ലും ലെറ്റർ പാഡുകൾ
പൊതുമേഖലാ സ്ഥാപനങ്ങളുടെയും റെയിൽവേയുടെയും ഒറിജിനലിനെ വെല്ലുന്ന ലെറ്റർ പാഡുകളും സീലുകളും ഉപയോഗിച്ചും, ബോർഡ് വച്ച ആഡംബര വാഹനങ്ങളിൽ ഉന്നത പദവി ചമഞ്ഞെത്തിയുമാണ് ഉദ്യോഗാർത്ഥികളെ വീഴ്ത്തിയത്. വാക് സാമർത്ഥ്യത്തിലൂടെ കൂട്ടാളികളുടെ ഒത്താശയോടെയാണ് ഇരകളെ കുരുക്കിയിരുന്നത്. മിലിട്ടറി റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് കൊട്ടാരക്കരയിൽ മുൻപ് പിടിയിലായ ഗീതാറാണി ഇപ്പോഴും നിരവധി ഉദ്യോഗാർത്ഥികളെ സമാന തട്ടിപ്പിന് ഇരയാക്കിയതായാണ് വിവരം. ഓണത്തിന് മുൻപ് മിലിട്ടറി റിക്രൂട്ട്‌മെന്റിനെന്ന പേരിൽ ബംഗളൂരുവിലേക്ക് ഇവർ അയച്ച യുവാക്കൾ അവിടെ കുടുങ്ങിയതായി പൊലീസിന് വിവരമുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ലെന്ന് ചവറ പൊലീസ് വെളിപ്പെടുത്തി.
ഭർത്താവിനെ പറ്റിച്ച് തുടക്കം
ഗീതാറാണിയുടെ തട്ടിപ്പ് തുടങ്ങുന്നത് 15 വർഷം മുൻപാണെന്ന് പൊലീസ് പറയുന്നു. ചെട്ടികുളങ്ങര സ്വദേശിയായ ഭർത്താവ് രാജഗോപാലിനെ ചെക്ക്‌കേസിൽ കുടുക്കിയാണ് തുടക്കം. ഭർത്താവ് ട്രസ്റ്റ് മെമ്പറായ സ്‌കൂളിൽ ജോലി വാഗ്ദ്ധാനം നൽകി ഒരു ബന്ധുവിൽ നിന്ന് രണ്ടുലക്ഷം വാങ്ങുകയും ഉറപ്പിനായി ഭർത്താവിന്റെപേരിലുള്ള ചെക്ക് നൽകികേസിൽ പ്രതിയാക്കുകയുമായിരുന്നു. തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് തട്ടിപ്പിന്റെ പുതിയമേഖലകൾ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറുമായിചേർന്ന് തട്ടിപ്പ് വിപുലമാക്കി. കിട്ടിയ പണം ധൂർത്തടിക്കുകയുംകേസിൽ അകപ്പെടുമ്പോൾ കുറച്ചുപണം തിരികെ നൽകി രക്ഷപ്പെടുകയാണ് പതിവ്.
ഗീതാറാണിക്കെതിരായ കേസുകൾ
എറണാകുളം സെൻട്രൽ സ്റ്റേഷൻ: 1290/2020
തൃശൂർ വെസ്റ്റ്: 974/13, 428/06, 1112/13
തൃശൂർ ഈസ്റ്റ്: 1139,1090/17
(റിമാൻഡ് റിപ്പോർട്ടിലുള്ളത്)
നെയ്യാർഡാം സ്വദേശിയെ ആർമി തട്ടിപ്പിൽ കുടുക്കിയത്: ക്രൈംബ്രാഞ്ച് അന്വേഷണം
അഞ്ചാലുംമൂട് സ്റ്റേഷനിൽ താന്നിക്കമുക്ക് സ്വദേശിയിൽ നിന്ന് റെയിൽവേജോലി വാഗ്ദ്ധാനം ചെയ്ത് 12 ലക്ഷം തട്ടി
പത്ത് പേർക്ക് ഐ.എസ്.ആർ.ഒയിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൊട്ടാരക്കര പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
''ഗീതാറാണിയെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കൂടുതൽ കേസുകൾക്കും തട്ടിപ്പുകൾക്കും തുമ്പുണ്ടാക്കാൻ കഴിയും. കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.'- നിസാമുദ്ദീൻ,സി.ഐ, ചവറ.