കൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുന്നതിനായി കടവന്ത്രയിലെ എൻ.ഐ.എ ഓഫീസിന് മുന്നിൽ ഒരുക്കിയത് വൻ സുരക്ഷാസന്നാഹം. എന്നാൽ ഇതിനെ മറികടന്ന് കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പിയും പ്രതിഷേധങ്ങളുമായി എത്തിയതോടെ എൻ.ഐ.എ ഓഫീസ് പരിസരം മുൾമുനയിലായി. ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തെയാണ് ഓഫീസിന് മുന്നിൽ വിന്യസിച്ചിരുന്നത്. പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് എൻ.ഐ.എ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് ഉയർത്തി അടച്ചിരുന്നു.
10.30ഓടെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തി പ്രതിഷേധിച്ചു. ചോദ്യം ചെയ്യൽ കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തുകയും കൂടുതൽ പൊലീസുകാരെയും വിന്യസിച്ചിരുന്നെങ്കിലും ഇതെല്ലാം മറികടന്നായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ ബാരിക്കേഡ് തള്ളിമാറ്റി കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചു. ഇതേതുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഏതാണ്ട് നൂറോളം വരുന്ന പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്ത മന്ത്രി ജലീൽ രാജിവയ്ക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധക്കാർ പിരിഞ്ഞുപോവാൻ കൂട്ടാക്കാതിരുന്നതോടെ കൂടുതൽ പൊലീസെത്തി പ്രവർത്തകരെ അറസ്‌റ്റ് ചെയ്തു നീക്കി. അറസ്റ്റു ചെയ്ത പ്രവർത്തകരിൽ ഒരാൾ പൊലീസ് ജീപ്പിന്റെ വശത്തെ കണ്ണാടിച്ചില്ല അടിച്ചുപൊട്ടിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും എൻ.ഐ.എ ഓഫീസിലേക്ക് മാർച്ച് നടത്തി.