പാലക്കാട്: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രക്ഷോഭം ആറാം ദിവസവും തുടരുന്നു. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. വി ടി ബൽറാം എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടന്നത്. വി.ടി ബൽറാമിന് നേരെ പൊലീസ് മർദ്ദനമുണ്ടായി. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ കുത്തിയിരുന്ന് പൊലീസിന് നേരെ മുദ്രാവാക്യം വിളിക്കുന്നത് തുടരുകയാണ്.
ജലീലിനെതിരെ കോൺഗ്രസും ബി.ജെ.പിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടക്കുകയാണ്. ജലീലിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ച സമയത്ത് എൻ.ഐ.എ ഓഫീസിനിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എൻ.ഐ.എ ഓഫീസിന് സമീപം പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധം മുന്നിൽ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എൻ.ഐ.എ ഓഫീസിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കടവന്ത്രയിൽ നിന്ന് എൻ.ഐ.എ ഓഫീസിലേക്ക് തിരിയുന്ന എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്.
എൻ.ഐ.എ ആസ്ഥാനത്തേക്ക് ബി.ജെ.പി യുവമോർച്ചയും മാർച്ച് നടത്തി. കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന എൻ.ഐ.എക്ക് അഭിവാദ്യം അർപ്പിച്ചാണ് മാർച്ച്. ബാരിക്കേട് മറി കടന്ന രണ്ട് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതീരിക്ക് പരിക്കേറ്റു.
അതേസമയം, എ.കെ.ജി സെന്ററിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടി. മന്ത്രിയുടെ ഔദ്യോഗിക ഓഫീസിലും പൊലീസ് സന്നാഹം കൂട്ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ അൽപസമയത്തിനകം കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. കണ്ണൂർ കളക്ട്രേറ്റിലേക്ക് കെ.എസ്‍.യു പ്രതിഷേധ മാർച്ച് നടത്തി.