ലഡാക്ക്:വിരട്ടി നോക്കി, തമ്മിൽ ആയുധമെടുത്ത് ഏറ്റുമുട്ടി നോക്കി ആകാശത്തേക്ക് വെടിപൊട്ടിച്ച് നോക്കി എന്തെല്ലാം ചെയ്‌തിട്ടും തങ്ങൾ ഉദ്ദേശിച്ചതുപോലെ ഇന്ത്യ ഭയന്ന് പിന്മാറുന്നില്ലെന്ന് കണ്ടപ്പോൾ പ്രതിയോഗിയെ മാനസികമായി തളർത്താനുളള സൈക്കോളജിക്കൽ മൂവുമായി വരികയാണ് ചൈനീസ് സൈന്യം. അർഹമായ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ വരുന്ന ചൈനീസ് പട്ടാളത്തോട് വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യയുടെ നിലപാട് സ്വീകരിക്കുന്ന ഇന്ത്യൻ പട്ടാളക്കാരെ മയക്കാൻ ഫിംഗർ 4ൽ ലൗഡ്‌സ്‌പീക്കർ വച്ച് പഞ്ചാബി പാട്ടുകൾ കേൾപ്പിക്കുകയാണ് ഇപ്പോൾ ചൈനീസ് പട്ടാളം.
ലൗഡ്‌സ്‌പീക്കർ സ്ഥാപിച്ച സ്ഥലങ്ങളിൽ ഇന്ത്യ നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യൻ സൈനികർക്ക് അൽപം ആശ്വാസം പകർന്ന് ശ്രദ്ധ തിരിച്ച് അട്ടിമറി ശ്രമത്തിനായി ചൈന ശ്രമിക്കുകയാണോ എന്ന് ഇന്ത്യൻ വൃത്തങ്ങൾ സംശയിക്കുന്നു. സെപ്‌തംബർ എട്ടിന് ഇരു സേനയും തമ്മിൽ ആകാശത്തേക്ക് 100 റൗണ്ട് വെടിയുതിർത്തത് ഇവിടെയാണ്. കഴിഞ്ഞ 20 ദിവസങ്ങൾക്കകം കിഴക്കൻ ലഡാക്കിൽ മൂന്നോളം വെടിവയ്‌പ് സംഭവങ്ങളാണ് ഉണ്ടായിട്ടുളളത്.
ആഗസ്‌റ്റ് 29നും 30നുമാണ് ആദ്യ സംഭവമുണ്ടായത്. പാങ്‌ഗോെഗ് തടാകത്തിന്റെ വടക്കു ഭാഗത്ത് ചൈന കടന്നു കയറാൻ ശ്രമിച്ചതാണ് ആ സംഭവം. രണ്ടാമത് ഉണ്ടായത് സെപ്‌തംബർ 7ന് മുഖ്പാരിയിലും അടുത്തത് 8ന് പാങ്‌ഗോെഗ് തടാകത്തിന്റെ വടക്ക് വശത്തുമാണ്. ഇവിടെ ഇരു സൈനിക വിഭാഗങ്ങളും ആകാശത്തേക്ക് 100റൗണ്ട് വെടിവച്ചു. വളരെ പ്രകോപനപരമായിരുന്നു അന്നത്തെ പെരുമാറ്റം.
തുടർന്ന് റഷ്യയിൽ നടന്ന ഷാങ്ഹായി സമ്മേളനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് തീരുമാനമായി. എന്നാൽ ചർച്ച എന്നാണെന്ന് ചൈന അറിയിച്ചിട്ടില്ല.
ഏപ്രിൽ മാസം മുതൽ യഥാർത്ഥ നിയന്ത്രണ രേഖ പ്രദേശങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി അയയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.