കടയ്ക്കൽ: ജമ്മുകാശ്മീരിൽ പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാൻ കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.
അനീഷിന്റെ വസതിയിലെ പൊതുദർശനത്തിനു ശേഷം മണ്ണൂർ മർത്തൂസ് മൂനി ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സഹപ്രവർത്തകരായ സീനിയർ ഓഫീസർ അഞ്ചൽ അയലറ സ്വദേശി ശ്രീജിത്ത്, ചണ്ണപ്പേട്ട സ്വദേശി ജോൺസൻ എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്.
നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. രാത്രി എട്ടോടെ സഹപ്രവർത്തകരാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. 16 വർഷം മുൻപാണ് അനീഷ് കരസേനയിൽ പ്രവേശിച്ചത്. മദ്രാസ് 17 റെജിമെന്റിൽ ലാൻസ് നായിക്കായിരുന്നു. നായിക് റാങ്കിൽ പ്രൊമോഷൻ നേടി ആറ് മാസം മുൻപാണ് കാശ്മീരിലേക്ക് പോയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതിന് മുൻപ് നാട്ടിലെത്തിയത്.