തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരുന്നതും തകർന്ന് അപകടഭീഷണി ഉയർത്തിയിരുന്നതുമായ 887 ബോർഡുകൾ നഗരസഭ നീക്കം ചെയ്തു. ഇതോടൊപ്പം നൂറോളം പോസ്റ്ററുകളും നീക്കി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നത് നിരോധിച്ചിരുന്നെങ്കിലും ഇതെല്ലാം ലംഘിച്ച് രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും ബോർഡുകൾ യഥേഷ്ടം സ്ഥാപിക്കുകയായിരുന്നു.
ലോക്ക് ഡൗൺ കാലത്ത് കൂടി
കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സമയത്താണ് നഗരത്തിൽ ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നത് കൂടിയതെന്ന് പരിശോധന നടത്തിയ നഗരസഭയുടെ റവന്യു വിംഗ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിശോധനയും മറ്റും നടത്താൻ കഴിയാതെ വന്ന സാഹചര്യം മറയാക്കിയാണ് ബോർഡുകൾ സ്ഥാപിക്കുന്നത് യഥേഷ്ടം തുടർന്നത്.
പരസ്യബോർഡുകൾ ഇവിടയൊക്കെ
മ്യൂസിയം, വെള്ളയമ്പലം, കിഴക്കേക്കോട്ട എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതലായി പരസ്യ ഫ്ലക്‌സ് ബോർഡുകളും കൊടി തോരണങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നത്. ഇവിടങ്ങളിലെ റോഡുകൾക്ക് ഇരുവശത്തുമുള്ള നടപ്പാതകളിൽ കാൽനട യാത്രക്കാർക്ക് അപകടം വരുത്തിവയ്ക്കുന്ന തരത്തിൽ ഫ്ളക്‌സ് ബോർഡുകളും കൊടികളും സ്ഥാപിക്കുന്നത് സ്ഥിരം സംഭവങ്ങളാണ്. ഇവയെല്ലാം തന്നെ റവന്യു അധികൃതർ നീക്കം ചെയ്തു. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവരുടെ മറ്രൊരു പ്രധാനയിടം കെ.എസ്.ഇ.ബി.യുടെ വൈദ്യുതി പോസ്റ്റുകളാണ്. ഇവിടെ തോന്നിയതുപോലെ പരസ്യ ബോർഡുകൾ കെട്ടിയിട്ട് പോകും. കാലാവധി കഴിഞ്ഞാലും ഇവ മാറ്റുകയില്ല. പിന്നീട് വരുന്നവർ ഇതിന് മുകളിൽ ബോർഡുകൾ സ്ഥാപിച്ച് മടങ്ങും. കാര്യമായ നടപടികൾ കൈക്കൊള്ളാത്തതാണ് ഇതിന് കാരണം. രാഷ്ട്രീയ പാർട്ടികളാണ് വൈദ്യുതി പോസ്റ്റ് കൈയേറുന്ന ഒരു പ്രധാന വിഭാഗം.
അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നവരിൽ നിന്ന്, അത് രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ആണെങ്കിൽ കൂടി ശക്തമായ നിയമ നടപടികളും കനത്ത പിഴയും ചുമത്തുമെന്ന് റവന്യു ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചതായും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.