തിരുവനന്തപുരം: ഉമ്മൻചാണ്ടിയെപ്പറ്റി ഓർക്കുമ്പോൾ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്ക് മനസിൽ അതിവേഗം ഓടിയെത്തുന്നത് 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപന ദിവസമാണ്. ഒരാളുടെ ഭൂരിപക്ഷത്തിൽ രൂപീകരിച്ച 2011ലെ മന്ത്രിസഭ തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കേരളകൗമുദിയോട് പറഞ്ഞു. ശ്രമകരമായ ജോലിയായിരുന്നു മന്ത്രിസഭ രൂപീകരണമെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്ന് സംശയിച്ച് നിന്ന സമയത്ത് ഉമ്മൻചാണ്ടിയുമായി താൻ നടത്തിയ ടെലിഫോൺ സംഭാഷണം ഓർത്തെടുത്തു.
'' ആ ടെലിഫോൺ സംഭാഷണം അവസാന ശ്വാസം വരെയും ഞാൻ മറക്കില്ല. തൃത്താല, പിറവം മണ്ഡലങ്ങളുടെ ഫലം മാത്രമാണ് അവസാന നിമിഷം അറിയാൻ ബാക്കിയുണ്ടായിരുന്നത്. അന്ന് ഒരു വെളളിയാഴ്ചയായിരുന്നു. ഒന്നുകിൽ ഭരണം അങ്ങോട്ട് അല്ലെങ്കിൽ ഇങ്ങോട്ട് എന്ന അവസ്ഥ. ഞാൻ ഏതായാലും പളളിയിൽ പോയി വരാമെന്ന് ഉമ്മൻചാണ്ടിയോട് പറഞ്ഞു. പള്ളിയിൽ പോയി കഴിഞ്ഞാൽ അരമണിക്കൂർ പ്രാർത്ഥന കഴിഞ്ഞേ പുറത്തെ കാര്യങ്ങൾ അറിയാൻ കഴിയുകയുളളൂ. പിറവവും തൃത്താലയും ജയിക്കുകയും തോൽക്കുകയും ചെയ്യുന്ന മണ്ഡലങ്ങളാണ്. എന്താ ചെയ്യുകയെന്ന് ഞാൻ ഉമ്മൻചാണ്ടിയോട് ചോദിച്ചു. വി.എസ് എന്റെ നേരെ വാളെടുത്ത് നിൽക്കുന്ന ഒരു ഘട്ടം കൂടിയായിരുന്നു അത്. ഭരണം കിട്ടിയില്ലെങ്കിൽ പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും ഒരു കാലമാകും പിന്നീട് ഉണ്ടാവുക. എന്തോ ആവട്ടെയെന്ന് വിഷമത്തോടെ ഞാൻ ഉമ്മൻചാണ്ടിയോട് പറഞ്ഞു.
ആ നിമിഷം അദ്ദേഹത്തിന്റെ ഒരു സമാധാനിപ്പിക്കലുണ്ട്. വരട്ടെ നമുക്ക് നോക്കാം, ഒന്നുകിൽ ഭരണം അല്ലെങ്കിൽ പ്രതിപക്ഷം, നമുക്ക് ഫൈറ്റ് ചെയ്യാമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. ആ സ്പിരിറ്റിലാണ് ഞാൻ പള്ളിയിൽ പോയത്. തിരിച്ച് വന്നയുടൻ വാർത്തകളൊന്നും കാണാതെ ഞാൻ ആദ്യം വിളിച്ചതും ഉമ്മൻചാണ്ടിയെ തന്നെയാണ്. രക്ഷപ്പെട്ടു, രണ്ടിടത്തും നമ്മൾ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴും എന്റെ ചോദ്യം എങ്ങനെ ഈ സർക്കാരിനെ കൊണ്ടുപോകുമെന്നായിരുന്നു. പക്ഷേ ആ മന്ത്രിസഭ അഞ്ച് വർഷം ഭരിച്ചു. ഭരണത്തുടർച്ച കിട്ടിയില്ലെങ്കിലും അതിന്റെ വക്കോളം ആ സർക്കാരിനെ എത്തിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ആ സർക്കാരിന് കഴിഞ്ഞു.''