potato

മറയൂർ: ഓണക്കാലത്തിന് വിളയേണ്ട ഉരുളക്കിഴങ്ങ് കാലാവസ്ഥ വ്യതിയാനത്തിൽ കുടുങ്ങി വിളവെടുക്കാറായത് ഒരു മാസത്തിന് ശേഷം. ഇതോടെ കാന്തല്ലൂരിൽ വീണ്ടു പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. വിത്തിനങ്ങളുടെ പ്രത്യേകതയാണ് വിളവെടുപ്പ് നീണ്ടുപോകാൻ മറ്റൊരു കാരണം.

കഴിഞ്ഞ ദിവസങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചപ്പോൾ കർഷകർക്ക് സാമാന്യം നല്ല വിലയാണ് സ്വകാര്യ കച്ചവടക്കാരിൽ നിന്നും ലഭിച്ചത്. കാന്തല്ലൂരിലെ കീഴാന്തൂർ, പുത്തൂർ , പെരുമല, നരാച്ച് എന്നിവടങ്ങളിലാണ് വിളവെടുപ്പ് ആരംഭിച്ചത്. തരംതിരിക്കാതെ വിറ്റഴിക്കുന്ന ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 30- 35 രൂപവരെ ലഭിക്കുന്നുണ്ട്.


കാന്തല്ലൂരിൽ വർഷങ്ങളായി കൃഷി ചെയ്തു വന്നിരുന്ന ഇനങ്ങളിൽ നിന്ന് പൂർണമായും മാറി മേട്ടുപ്പാളയത്ത് നിന്നും വിത്ത് എത്തിച്ചാണ് കൃഷി ഇറക്കിയത്. ലോക്ക് ഡൗൺ കാലത്ത് യാത്രാ നിയന്ത്രണങ്ങൾ നിലനിന്നതിനാൽ തമിഴ്‌നാട്ടിൽ നിന്നും വിത്തുകൾ ലഭിക്കാൻ വൈകിയത് ഓണക്കാലത്തിന് മുൻപ് വിളവെടുക്കുന്ന തരത്തിൽ കൃഷി ഇറക്കാൻ സാദ്ധ്യമായില്ല ഓണക്കാലത്ത് ഹോർട്ടികോർപ്പ് 40 -45 രൂപക്കാണ് ഉരുളക്കിഴങ്ങ് സംഭരിച്ചിരുന്നത്.


ഒരേക്കറിൽ ഉരുളക്കിഴങ്ങ് കൃഷി ഇറക്കുന്നതിന് 600 മുതൽ 700 കിലോ വിത്താണ് ഉപയോഗിക്കുന്നത് .ജലന്തർ പൊട്ടറ്റോ റിസർച്ച് സെന്ററിൽ നിന്നൂള്ള കുപ്പിരി ജ്യോതി എന്ന കിഴങ്ങാണ് കാന്തല്ലൂർ മേഖലയിൽ പ്രധാനമായും ഉപയോഗിക്കുന്നത്. അത്യുൽപാദന ശേഷിയുള്ള ഈ കിഴങ്ങ് ഒരേക്കറിൽ എട്ട് ടൺ വരെ ലഭിക്കും കാന്തല്ലുരിൽ ജൂൺ പകുതി മുതൽ ലഭിക്കേണ്ട ശീതകാല പച്ചക്കറി കൃഷിയ്ക്ക് അനുയോജ്യമായ നൂൽ മഴ ലഭിക്കാത്തതും കൊമ്പ്ച്ചാവ് എന്നരോഗബാധ ഉണ്ടായതും ഉത്പാദനം കുറയാൻ കാരണമായി.


ഓണത്തിനു ശേഷം ഹോർട്ടികോർപ്പ് കാന്തല്ലൂരിൽ നിന്നുള്ള പച്ചക്കറി സംഭരണം നിർത്തിവച്ചിരിക്കുകയാണ് .സംഭരണം പുനരാംഭിച്ചാൽ കിലോയ്ക്ക് 10 രൂപയെങ്കിലും ഉയർത്തി നൽകാൻ വ്യാപാരികൾ തയ്യാറാകുമെന്നും ഇതിലൂടെ നഷ്ടം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ.