water-meter

തിരുവനന്തപുരം: പരിചയ സമ്പത്തുള്ള മീറ്റർ റീഡ‌ർമാരില്ലാത്തതിനാൽ വെള്ളക്കരം കൃത്യമായി കണക്കാക്കി വരുമാനം പിരിച്ചെടുക്കാനാകാത്ത അവസ്ഥയിൽ വാട്ടർ അതോറിട്ടി. സംസ്ഥാനത്തെ ആകെ വാട്ടർ കണക്ഷനുകളിൽ പകുതി വാട്ടർ മീറ്ററുകളും കേടായിരിക്കുമ്പോഴാണ് കൂനിന്മേൽ കുരു എന്നത് പോലെ മീറ്റർ റീഡർമാരുടെ അഭാവം തിരിച്ചടിയാകുന്നത്.

397 മീറ്റർ റീഡർമാർ മാത്രം

വാട്ടർ മീറ്ററുകളുടെ റീഡിംഗ് എടുത്ത് കൃത്യമായ ബില്ല് നൽകുന്നതിന് 26 ലക്ഷം ഉപഭോക്താക്കൾക്കും കൂടി 397 മീറ്റർ റീഡർമാർ മാത്രമാണുള്ളത്. ഉപഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി റീഡർമാർ ഇല്ലാത്തതിനാൽ പ്രധാന നഗരമേഖലകളിൽ കുടുംബശ്രീ പ്രവർത്തകരേയും വിമുക്തഭടന്മാരേയുമാണ് റീഡിംഗ് എടുക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇവരുടെ സാങ്കേതിക പരിജ്ഞാനക്കുറവ് കാരണം മീറ്ററിലെ ക്രമക്കേടുകൾ കണ്ടെത്താനും കഴിയുന്നില്ല. മീറ്ററുകളുടെ തകരാറുകൾ യഥാസമയം കണ്ടെത്തി പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകുന്നതിന് ആവശ്യമായ മീറ്റർ ഇൻസ്‌പെക്ടർമാരുമില്ല. നിലവിലുള്ളത് 50 മീറ്റർ ഇൻസ്‌പെക്ടർമാർ മാത്രമാണ്. 30 പേരെ കൂടി അടിയന്തരമായി നിയമിക്കാൻ വാട്ടർ അതോറിട്ടി ബോർഡ് തീരുമാനിച്ചെങ്കിലും എം.ഡി ഇതുവരെ അനുമതി നൽകിയിട്ടില്ല.

പൈപ്പ് ലൈനിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിയനുസരിച്ച് റീഡിംഗ് കണക്കാക്കുന്ന ഗിയർ മീറ്ററുകളാണ് വാട്ടർ അതോറിട്ടിയുടെ ഭൂരിഭാഗം കണക്ഷനുകൾക്കുമുള്ളത്. എന്നാൽ ഈ മീറ്ററുകളിൽ 55 ശതമാനം വെള്ളത്തിന്റെ ഉപഭോഗം മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. ഇത് അനുസരിച്ചുള്ള ബില്ലാണ് ഉപഭോക്താക്കൾക്ക് നൽകുന്നതും. ഉപഭോഗം കൃത്യമായി കണക്കാക്കാനാകാത്തതുമൂലം ജലചോർച്ചയിലൂടെ കോടികളാണ് നഷ്ടമാകുന്നത്.ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിച്ചിട്ടും ഫലമുണ്ടായില്ല.52 മീറ്റർ ഇൻപെക്ടർമാർ മാത്രമാണ് വാട്ടർ അതോറിട്ടിയിലുള്ളത്.

സ്‌മാർട്ടാകാതെ സ്‌മാർട്ട് മീറ്റർ
ജല ഉപഭോഗത്തിന്റെ അളവും ബില്ലും കൃത്യമായി ഉപഭോക്താക്കൾക്കും വാട്ടർ അതോറിട്ടിക്കും ലഭിക്കുന്നതിനായി സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ ഒരു വർഷം മുമ്പ് തീരുമാനിച്ചെങ്കിലും ഇപ്പോഴും ശൈശവ ഘട്ടത്തിലാണ്. നിലവിൽ വ്യവസായ സ്ഥാപനങ്ങൾ പോലുള്ള വൻകിട കമ്പനികൾക്കാണ് സ്‌മാർട്ട് മീറ്ററുകൾ നൽകിയിട്ടുള്ളത്. ടാപ്പിനും പൈപ്പ് ലൈനിനും ഇടയിൽ സ്ഥാപിക്കുന്ന ചിപ്പ് വഴി ജല ഉപഭോഗത്തിന്റെ അളവ് കണക്കാക്കുകയാണ് സ്‌മാർട്ട് മീറ്ററുകളിലൂടെ ചെയ്യുന്നത്. മീറ്ററുകൾ സോഫ്‌റ്റ്‌വെയർ വഴി ഉപഭോക്താവിന്റെ ഫോണുമായി ബന്ധിപ്പിക്കും. ഇതിലൂടെ ജല ഉപഭോഗത്തിന്റെ അളവും ബിൽ തുകയും മൊബൈൽ ഫോണിലെത്തുന്നതാണ് രീതി.