opposition

ന്യൂഡൽഹി: മുഖ്യ പ്രതിപക്ഷ നേതാക്കളെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഡൽഹി കലാപം അന്വേഷിച്ച് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ രാഷ്‌ട്രപതിയ്‌ക്ക് നിവേദനം നൽകി പ്രതിപക്ഷ നേതാക്കൾ. ഡൽഹി കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് അന്വേഷണത്തെയും അവരുടെ കണ്ടെത്തലുകളെയും കുറിച്ചുള‌ള ആശങ്ക നേതാക്കൾ രാഷ്‌ട്രപതിയെ അറിയിച്ചു. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, സിപിഎം നേതാവ് സീതാറാം യച്ചൂരി, സിപിഐ നേതാവ് ഡി. രാജ,ആർ.ജെ.ഡി നേതാവ് മനോജ് ഝാ,ഡി.എം.കെ എം.പി കനിമൊഴി എന്നിവരാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട് നിവേദനം നൽകിയത്.

ഡൽഹി കലാപം നടന്നത് സി.എ.എ പ്രതിഷേധങ്ങൾക്കിടയിലാണ്. രാഷ്‌ട്രീയ പ്രവർത്തകർ, ആക്‌ടിവി‌സ്‌റ്റുകൾ, സാമ്പത്തിക വിദഗ്ധർ,വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിങ്ങനെ നിരവധി തരം ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. അതിനാൽ ശരിയായ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ഡി.എം.കെ നേതാവ് കനിമൊഴി പറഞ്ഞു.

കേസിൽ അറസ്‌റ്റിലായവരുടെ മൊഴി അനുസരിച്ച് ഡൽഹി പൊലീസ് സി.പി.എം നേതാവ് സീതാറാം യച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയന്തി ഘോഷ്,ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ത് എന്നിവരെ പ്രതിസ്ഥാനത്ത് ചേർത്ത് ഡൽഹി പൊലീസ് ചാർജ്ഷീറ്റ് തയ്യാറാക്കിയിരുന്നു.