ന്യൂയോർക്ക് : ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസിനെ ചൈനീസ് ഭരണകൂടത്തിന്റെ അധീനതയിലുള്ള വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയിൽ നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാനിന്റെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്തു. ചൊവ്വാഴ്ചയാണ് ലീയുടെ അക്കൗണ്ട് ട്വിറ്റർ സസ്പെന്റ് ചെയ്തത്. ' അക്കൗണ്ട് താത്കാലികമായി നിറുത്തിവച്ചിരിക്കുന്നു ' എന്ന സന്ദേശം ലീയുടെ അക്കൗണ്ടിൽ ദൃശ്യമായിരുന്നു. ട്വിറ്ററിന്റെ നയങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണിത്.
ഹോങ്കോങ്ങ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ മുൻ ഗവേഷകയായ ലീ, സിനോഡോ ( Zenodo ) എന്ന ഓപ്പൺ ആക്സസ് റീപോസിറ്റോറി വെബ്സൈറ്റിലൂടെ കഴിഞ്ഞ ദിവസം തന്റെ ഗവേഷണങ്ങളുടെ ഭാഗമായ സുപ്രധാനമായ ഒരു പേപ്പർ പുറത്തുവിട്ടിരിന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.
കൊവിഡിന് കാരണമായ സാർസ് - കോവ് - 2 ( SARS - CoV - 2 ) വൈറസിനെ ആറു മാസം കൊണ്ട് ലബോറട്ടിയിലെ അനുയോജ്യമായ അന്തരീക്ഷത്തിൽ സൃഷ്ടിച്ചതാണെന്ന് ലീ തന്റെ റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. SARS - CoV - 2 വൈറസ് ജീനോമിന്റെ അസാധാരണ സവിശേഷതകൾ വിരൽ ചൂണ്ടുന്നത് വൈറസിന്റെ പ്രകൃതി പരിണാമത്തിന് പകരം സങ്കീർണമായ ലബോറട്ടറി പരിണാമത്തിലേക്കാണ്. കൊവിഡിന്റെ മനുഷ്യനിർമിത വഴികളെ പറ്റിയാണ് ലീ തന്റെ റിപ്പോർട്ടിൽ വിവരിക്കുന്നത്.
സാധാരണ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുമായി പൊരുത്തപ്പെടാത്ത ജൈവശാസ്ത്രപരമായ സവിശേഷതകൾ SARS - CoV - 2 വിന് ഉണ്ടെന്ന് ലീ ചൂണ്ടിക്കാട്ടിയിരുന്നു. വവ്വാലിൽ നിന്നും ശേഖരിച്ച ZC45 അല്ലെങ്കിൽ ZXC21 ഗണത്തിൽപ്പെട്ട കൊറോണ വൈറസുകളെ ഉപയോഗിച്ചാണ് SARS - CoV - 2 വൈറസിനെ ലബോറട്ടറിയിൽ നിർമിച്ചതെന്നും ചൈനയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും ലീ പറയുഞ്ഞിരുന്നു.
കൊവിഡ് 19 നൂറ് ശതമാനവും ചൈനയിലെ വുഹാൻ ലാബിൽ നിർമിച്ചത് തന്നെയാണെന്നും അത് സാധൂകരിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ എന്റെ കൈയ്യിലുണ്ടെന്നും കഴിഞ്ഞാഴ്ച ഒരു ബ്രിട്ടീഷ് ടോക്ക് ഷോയിയിൽ വീഡിയോ കോൺഫറൻസിലൂടെ ലീ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറസിനെ സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടത്. താൻ ഏത് നിമിഷവും അപകടത്തിലാകാം എന്ന ഭയം കാരണം ചൈനയിൽ നിന്നും അമേരിക്കയിലെത്തി ഒളിവിലാണ് ലീ മെംഗ് യാൻ. കൊവിഡ് പടർന്നുപിടിക്കുന്ന കാര്യം ചൈനീസ് ഭരണകൂടം മനഃപൂർവം മറച്ചുവച്ചതായും വുഹാൻ വെറ്റ്മാർക്കറ്റിനെ വെറും പുകമറയായി ചൈന ഉപയോഗിക്കുകയാണെന്നും ലീ നേരത്തെ ആരോപണം ഉയർത്തിയിരുന്നു.