ന്യൂഡൽഹി: ഒരുവശത്ത് അതിർത്തിയിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി ചൈനയും മറുവശത്ത് ഭീകരരെ പ്രോത്സാഹിപ്പിച്ച് പാകിസ്ഥാനും ഇന്ത്യയെ പേടിപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ ഇന്ത്യ ഭയക്കുന്നില്ലെന്ന് മാത്രമല്ല ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നു.
പാകിസ്ഥാന്റെ ഒത്താശയോടെ കാശ്മീരിൽ നുഴഞ്ഞുകയറിയ കൊടും ഭീകരർ ഉൾപ്പടെ 177 പേരാണ് സൈന്യത്തിന്റെ തോക്കിനിരയായത്. ഒരുവർഷത്തിനിടെ എഴുപത്തിരണ്ട് ഓപ്പറേഷനിലൂടെയാണ് ഇത്രയും ഭീകരരെ സൈന്യം കാലപുരിക്കയച്ചത്. ഇതിൽ വിദേശികളും ഉൾപ്പെടും. ശ്രീനഗറിൽ മാത്രം ഈവർഷം പതിനാറുഭീകരരെ വധിച്ചെന്നാണ് ജമ്മുകാശ്മീർ പൊലീസ് മേധാവി പറയുന്നത്. ഇന്നുമാത്രം മൂന്നുപേരാണ് സൈന്യത്തിന്റെ തോക്കിനിരയായത്.
ഹിസ്ബുൾ മുജാഹിദീൻ കമാൻഡർമാരായ റിയാസ് നായിക്ക്, ജുഹനൈദ് സെഹ്റായ് എന്നിവരെ വധിക്കാനായത്
സേനയുടെ വലിയ നേട്ടമാണ്. കഴിഞ്ഞ മേയിലാണ് ഇരുവരെയും വധിച്ചത്. ഇതിനൊപ്പം കൊടും ഭീകരർ ഉൾപ്പടെ നിരവധിപേരെ പിടികൂടാനും സൈന്യത്തിന് കഴിഞ്ഞു.
തിരിച്ചടി ശക്തമായതോടെ പലഭീകര ഗ്രൂപ്പുകളും ഇപ്പോൾ നിശബ്ദരാണെന്നാണ് റിപ്പോർട്ട്. ലഷ്കർ ഇ തയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഗ്രൂപ്പുകൾ മാത്രമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഉന്നതർ പലരും നഷ്ടപ്പെട്ടതോടെ ഹിസ്ബുൾ മുഹാജിദീന്റെ ശല്യം തീരെ കുറഞ്ഞിരിക്കുകയാണ്. പലമേഖലകളിലും ഇവരുടെ പ്രവർത്തനം ഇല്ലെന്നുതന്നെ പറയാം.
ഭീകരപ്രവർത്തനം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാൻ താത്പര്യമുളളവർക്ക് എല്ലാ സഹായങ്ങളും നൽകുമെന്നും മറിച്ചാണെങ്കിൽ ശക്തമായ തിരിച്ചടിലഭിക്കുമെന്നും സൈന്യം വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യം, സി ആർ പി എഫ്, ജമ്മുകാശ്മീർ പൊലീസ്, അതിർത്തി രക്ഷാ സേന എന്നിവർ സംയുക്തമായാണ് കാശ്മീരിൽ ഭീകരരെ നേരിടുന്നത്.