തിരുവനന്തപുരം: വാട്ടർ മീറ്ററുകളുടെ റീഡിംഗ് എടുത്ത് കൃത്യമായ ബില്ല് ഉപഭോക്താക്കൾക്ക് നൽകുന്നതിനായി അടിയന്തരമായി 150 മീറ്റർ റീഡർമാരെ നിയമിച്ചു കൊണ്ട് വാട്ടർ അതോറിട്ടി എം.ഡി ഉത്തരവിറക്കി. പി.എസ്.സി വഴി നിയമനം ലഭിച്ച ഓഫീസ് അസിസ്റ്റന്റ്, ലാസ്‌കർ, വാച്ച്മാൻ, വർക്കർ തസ്തികയിൽ നിയമനം ലഭിച്ചവരെ മീറ്റർ റീഡർ തസ്തികയിലേക്ക് നിയമിച്ചുകൊണ്ടാണ് എം.ഡി ഉത്തരവിറക്കിയത്. വാട്ടർ അതോറിട്ടിയുടെ 26 ലക്ഷം ഉപഭോക്താക്കൾക്കും കൂടി ആകെ 397 മീറ്റർ റീഡർമാർ മാത്രമാണ് ഉള്ളതെന്ന് ഈ മാസം 18ന് 'കേരളകൗമുദി ഫ്ളാഷ്' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അതിവേഗത്തിൽ നടപടി ഉണ്ടായത്.
പരിശീലനം നൽകും
മീറ്റർ റീഡർ തസ്തികയിലേക്ക് മാറ്റി നിയമിക്കപ്പെട്ടവർക്ക് അടിയന്തരമായി പരിശീലനം നൽകാനുള്ള നടപടി ക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി റീഡർമാർ ഇല്ലാത്തതിനാൽ പ്രധാന നഗരമേഖലകളിൽ കുടുംബശ്രീ പ്രവർത്തകരേയും വിമുക്തഭടന്മാരേയുമാണ് റീഡിംഗ് എടുക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഇവരുടെ സാങ്കേതിക പരിജ്ഞാനമില്ലായ്‌മയും പരിചയസമ്പത്തിന്റെ അഭാവവും കാരണം മീറ്ററിലെ ക്രമക്കേടുകൾ കണ്ടെത്താൻ കഴിയാത്ത സ്ഥിതി ആയിരുന്നു. ഇതിലൂടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് വാട്ടർ അതോറിട്ടിക്ക് ഉണ്ടാകുന്നത്. മീറ്റർ റീഡർമാരെ നിയമിക്കുന്നതോടെ ഈ നഷ്ടം പരിഹരിക്കാൻ കഴിയും. മീറ്ററുകളുടെ തകരാറുകൾ യഥാസമയം കണ്ടെത്തി പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകുന്നതിന് ആവശ്യമായ മീറ്റർ ഇൻസ്‌പെക്ടർമാരുമില്ല. നിലവിലുള്ളത് 50 മീറ്റർ ഇൻസ്‌പെക്ടർമാർ മാത്രമാണ്. 30 പേരെ കൂടി അടിയന്തരമായി നിയമിക്കാൻ വാട്ടർ അതോറിട്ടി ബോർഡ് തീരുമാനിച്ചെങ്കിലും എം.ഡിയുടെ അനുമതി ലഭിച്ചിരുന്നില്ല. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.ഡി അറിയിച്ചു.