ന്യൂഡൽഹി : പട്രോളിംഗ് നടത്തുന്നതിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ തടയാൻ ലോകത്തെ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലഡാക്കിൽ നിയന്ത്രണരേഖയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തെ പറ്റി പാർലമെന്റിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന. സൈനിക പോസ്റ്റുകളിൽ പട്രോളിംഗ് നടത്താൻ ഇന്ത്യൻ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തിനെതിരെ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത സൈനിക പോസ്‌റ്റുകളിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന് പിൻവാങ്ങേണ്ടി വന്നതായി മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പരാമർശിച്ചിരുന്നു. തുടർന്നാണ് രാജ്നാഥിന്റെ വിശദീകരണം. ഗൽവാൽ താഴ്‌വരയിലെയും സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന ലഡാക്കിലെ മറ്റ് പോയിന്റുകളിലെയും പട്രോളിംഗ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ സൈന്യത്തെ പട്രോളിംഗിൽ നിന്നും തടയാൻ ലോകത്തെ ആർക്കും സാധിക്കില്ലെന്ന് പറഞ്ഞ രാജ്നാഥ് ചൈനയുടെ സമീപനമാണ് സംഘർഷങ്ങൾക്ക് അവസരമൊരുക്കുന്നതെന്നും ചൂണ്ടിക്കാട്ടി. നിലവിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ സൈന്യത്തിന്റെ പട്രോളിംഗ് ഒരു മാറ്റവുമില്ലാതെ തുടരുമെന്നും അദ്ദേഹം പ്രതിപക്ഷത്തെ അറിയിച്ചു. സുരക്ഷാ കാര്യങ്ങൾ മുൻ നിറുത്തി കൂടുതൽ കാര്യങ്ങൾ തനിക്ക് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.