kgmo

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്ക് കൂടി മാറ്റിവയ്‌ക്കാനുളള തീരുമാനത്തിനെതിരെ സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ രംഗത്ത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന സർക്കാർ ഡോക്ടർമാരുടെ ശമ്പളം തടഞ്ഞുവ‌യ്ക്കുന്ന നടപടിയിൽനിന്ന് സർക്കാർ പിൻവാങ്ങണമെന്നും ജീവനക്കാരിൽ നിന്നു പിടിച്ചെടുത്ത ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നുമാണ് കെ.ജി.എം.ഒയുടെ ആവശ്യം.

വിവിധ സംസ്ഥാനങ്ങളിലും ലോകത്താകമാനം പൊതുവിലും കൊവിഡിനെതിരെ പൊരാടുന്ന ആരോഗ്യപ്രവർത്തകർക്ക് അധിക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി അവരുടെ സേവനം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനമുണ്ടാകുന്നതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധകരമാണെന്നും ഡോക്‌ടർമാർ പറയുന്നു. ഡോക്ടർമാരുടെ ശമ്പളം തടഞ്ഞ് വയ്ക്കരുതെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും, സംസ്ഥാന സർക്കാർ തീരുമാനം മാറ്റാൻ തയ്യാറാവാത്തത് നിർഭാഗ്യകരമാണെന്നും സംഘടന കുറ്റപ്പെടുത്തി.

അനുവദനീയമായ അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക്ക് സംഘടന നിർബന്ധിതമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കൽ സെപ്‌തംബർ 1 മുതൽ 6 മാസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചത്. ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രിൽ 1ന് പി.എഫിൽ ലയിപ്പിക്കുന്നത് വരെ 9 ശതമാനം പ്രതിവർഷ പലിശ നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.