തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിലെ അന്യായമായ സ്ഥാനക്കയറ്റവും സ്വകാര്യവത്കരണവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാങ്കേതികവിഭാഗം ജീവനക്കാര്‍ പണിമുടക്കി. കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍, കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലെ ഉദ്യോഗസ്ഥരെ തഴഞ്ഞ് ക്ലാര്‍ക്കുമാരെ ജോയിന്റ് ആര്‍.ടി.ഒ.യായി നിയമിക്കുന്നതിനെതിരെ നേരത്തെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ രംഗത്തെത്തിയത്. പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിനു മുന്നില്‍ കരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി എ.എസ്.വിനോദ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ദിനൂപ്.പി.ജി, സെക്രട്ടറി കുര്യന്‍ ജോണ്‍, ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനാ ജോയിന്റ് സെക്രട്ടറി ആര്‍.ശരത്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ കേന്ദ്രങ്ങളിലും സമാനമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.