തിരുവനന്തപുരം: വിശ്വശാന്തി ദിനമായ സെപ്‌തംബർ 21 തിങ്കളാഴ്‌ച, ഹൈദരാബാദ് ആസ്ഥാനമായ ഹാർട്ട്ഫുൾനെസ് ഫൗണ്ടേഷൻ യുണൈറ്റഡ് നേഷൻസ് ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് ആഗോളതലത്തിൽ ഓൺലൈനിലൂടെ ധ്യാന - സംഗീത - സമാധാന സന്ദേശ പരിപാടി നടത്തുന്നു. രാത്രി 8 മുതൽ 9.30 വരെയാണ് പരിപാടി.
എട്ട് മണിക്ക് ശാന്തി ആഘോഷം. ഹാർട്ട്ഫുൾനെസ് ഫൗണ്ടേഷൻ അദ്ധ്യക്ഷൻ ഡോ. കമലേഷ് പട്ടേലിന്റെ (ദാജി) നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ സമാധാന ദൂതന്മാരും സംഗീതജ്ഞരും സംവിധായകൻ ശേഖർ കപൂർ, എഴുത്തുകാരൻ ഡോ. ദീപക് ചോപ്ര, അമേരിക്കൻ ബയോളജിസ്റ്റ് ഡോ. ബ്രൂസ് ലിപ്റ്റൺ, ബ്രഹ്മകുമാരി സിസ്റ്റർ ശിവാനി, യു.എൻ മനുഷ്യാവകാശ പ്രവർത്തക അമാൻഡിനെ റോഷെ തുടങ്ങിയവരും പങ്കെടുക്കും. ഹാർട്ട്ഫുൾനെസ് യൂണിറ്റുകളുള്ള നൂറിലേറെ രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യുന്ന പരിപാടി നാല് കോടി ജനങ്ങളിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു. ഇരുപത്തിനാല് ഭാഷകളിൽ തത്സമയ പരിഭാഷയും ഉണ്ടാവും. ഓൺലൈൻ മാദ്ധ്യമങ്ങളും സീ ന്യൂസ്, ടി.വി ഏഷ്യ ചാനലുകളും പരിപാടി സംപ്രേഷണം ചെയ്യും.
രാത്രി 9 മണിക്ക് ധ്യാനത്തിലൂടെ ലോകശാന്തി എന്ന ലക്ഷ്യത്തോടെ അരമണിക്കൂർ ഹാർട്ട്ഫുൾനെസ് റിലാക്‌സേഷനും ധ്യാനവും നടക്കും.
യുണൈറ്റഡ് വേ ഒഫ് ഇന്ത്യ, ഗ്ലോബൽ സിറ്റിസൺസ് ഇന്ത്യ, സ്പിരിറ്റ് ഒഫ് ഹ്യുമാനിറ്റി ഫോറം എന്നീ സംഘടനകളും സഹകരിക്കുന്നുണ്ട്.