blasphemy

അബുജ : ദൈവനിന്ദ കുറ്റം ചുമത്തി 13 കാരന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. നൈജീരിയയിലെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനമായ കാനോയിലെ ഷരിയ കോടതിയാണ് ഒമർ ഫാറൂഖ് എന്ന കുട്ടിയ്ക്ക് ശിക്ഷ വിധിച്ചത്. സുഹൃത്തുമായുള്ള തർക്കത്തിനിടെ ദൈവത്തിന് എതിരെ അസഭ്യ ഭാഷ പ്രയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. പ്രവാചകനെ നിന്ദിച്ചു എന്ന കുറ്റത്തിന് യഹയ ഷരീഫ് അമിനു എന്ന ഗായകന് അടുത്തിടെ ഇതേ കോടതി വധശിക്ഷ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 10നായിരുന്നു ഒമർ ഫാറൂഖിന് ശിക്ഷ വിധിച്ചത്. സെപ്റ്റംബർ 7ന് വിധിയ്ക്കെതിരെ ഫാറൂഖിന്റെ അഭിഭാഷകൻ അപ്പീൽ നൽകി.

അറസ്റ്റിന് പിന്നാലെ ഫാറുഖിന്റെ വീടിന് നേർക്കും ജനങ്ങൾ ആക്രമണം നടത്തിയിരുന്നു. തുടർന്ന് കുട്ടിയുടെ മാതാവിന് തൊട്ടടുത്ത പട്ടണത്തിലേക്ക് മാറി താമസിക്കേണ്ടി വന്നതായി അഭിഭാഷകൻ പറഞ്ഞു. സംഭവത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ബാലാവകാശ ഏജൻസിയായ യൂണിസെഫ് ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോടതി കുട്ടികളുടെ അവകാശങ്ങളും അടിസ്ഥാന നീതിയും ലംഘിച്ചെന്ന് നൈജീരിയയിലെ യൂണിസെഫ് പ്രതിനിധി ചൂണ്ടിക്കാട്ടി. കേസ് അടിയന്തരമായി പുനഃപരിശോധിക്കാനും ശിക്ഷാവിധി മാറ്റാനും നൈജീരിയൻ സർക്കാരിനോടും കാനോ സംസ്ഥാനത്തെ പ്രാദേശിക ഭരണകൂടത്തോടും യൂണിസെഫ് ആവശ്യപ്പെട്ടു. ഷരിയ നിയമം നിലനിൽക്കുന്ന 12 നൈജീരിയൻ സംസ്ഥാനങ്ങളിൽ ഒന്നാണ് കാനോ.