unem

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായൊരു പ്രതിഷേധത്തിന് വേദിയായി ട്വിറ്റർ. രാജ്യത്ത് ഉയരുന്ന തൊഴിലില്ലായ്മയെ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധമാണ് ഇന്നലെ ട്വിറ്ററിൽ നടന്നത്. 17 സെപ്തംബർ 17 മണിക്കൂർ 17 മിനിട്ട്, രാഷ്ട്രീയ് ബേരോജെഗാർദിവസ്, നാഷണൽ അൺഎംപ്ളോയ്മെന്റ് ഡേ എന്നീ ഹാഷ്ടാഗുകളിലാണ് ട്വിറ്ററിൽ പ്രതിഷേധം വൈറലായത്. 1.68 മില്യൺ ആളുകളാണ് ഹാഷ്ടാഗുകൾക്ക് പിന്തുണയുമായി എത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഹാഷ്ടാഗുകൾക്ക് പിന്തുണയുമായി എത്തി. തൊഴിലെന്നത് ഒരാളുടെ മാന്യതയാണെന്നും എത്ര നാൾ സർക്കാരിന് ഇത് കണ്ടില്ലെന്ന് നടിക്കാനാവുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമാകുന്നുവെന്ന് പ്രധാമന്ത്രിയെ ഓർമിപ്പിക്കാനാണ് ഇത്തരമൊരു ട്വീറ്റെന്നാണ് ഒരാൾ കുറിച്ചത്. മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയതോടെ തൊഴിലില്ലായ്മയിൽ 23 ശതമാനം വർദ്ധനയുണ്ടായെന്നാണ് സെന്റർ ഫോർ ഇന്ത്യൻ എക്കോണമിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.