തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസിയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ചോദ്യം ചെയ്യൽ നേരിട്ട മന്ത്രി കെ.ടി ജലീൽ രാജിവയ്‌ക്കേണ്ട 'ഒരു കാര്യവുമില്ലെ'ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തിൽ രാഷ്ട്രീയമായ ധാർമ്മികതയുടെ ഒരു പ്രശ്നവും വരുന്നില്ലെന്നും റംസാനുമായി ബന്ധപ്പെട്ട സക്കാത്തും ഖുറാനും ജലീൽ ആവശ്യപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഖുറാൻ സാധാരണ മാർഗത്തിലൂടെ നമ്മുടെ എയർപോർട്ട് വഴി വന്നതാണ്. അദ്ദേഹത്തെ(ജലീലിനെ) സമീപിക്കാൻ എന്താണ് കാരണം? അദ്ദേഹമാണ് ഈ സംസ്ഥാനത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി. സ്വാഭാവികമായും അദ്ദേഹത്തെയാണ് സമീപിക്കേണ്ടത്. അതുകൊണ്ട് അദ്ദേഹത്തെ സമീപിച്ചു. അത് ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പൊ അക്കാര്യത്തിൽ വേറെ പ്രശ്നമൊന്നുമില്ല.'- മുഖ്യമന്ത്രി പറഞ്ഞു.
ഖുറാന്റെ കാര്യത്തിൽ എങ്ങനെയാണ് ചിലർ പരാതി ഉന്നയിക്കുന്നതെന്ന് തനിക്ക് മനസിലാക്കുന്നില്ല. കോൺഗ്രസോ ബി.ജെ.പിയോ ഇക്കാര്യത്തിൽ പരാതി കൊടുക്കുന്നത് നമുക്ക് മനസിലാക്കാൻ സാധിക്കും. പക്ഷെ, എന്തടിസ്ഥാനത്തിലാണ് ലീഗും ലീഗ് നേതാക്കളുംഖുറാന്റെ കാര്യത്തിൽ ഒത്തുചേരുന്നത്? മുഖ്യമന്ത്രി ചോദിക്കുന്നു. എല്ലാവരും ഒത്തുചേർന്നുകൊണ്ട് ജലീലിനെ ആക്രമിക്കുന്നതാണ് നമ്മൾ കാണുന്നതെന്നും മന്ത്രി ജലീൽ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലീലിന്റെ 'മടിയിൽ കനമില്ലാത്തത് കൊണ്ടാണ്' അദ്ദേഹം അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായി കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ഒരു കാര്യവും അദ്ദേഹം മറച്ചുവയ്ക്കാൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം അന്വേഷണ ഏജൻസികൾക്കും ബോദ്ധ്യമായിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ അവർ പറയുന്നത് വരെ നമുക്ക് കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.