തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന സമരങ്ങൾ ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരക്കാർ കൊവിഡ് പ്രോട്ടോകോളുകൾ പരസ്യമായി ലംഘിക്കുന്നുവെന്നും പൊതുമുതൽ നശിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സമരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ദേശീയ സുരക്ഷാ ഏജൻസിയും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതിനെ തുടർന്ന് സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടും എപ്പിഡമിക് ഓര്‍ഡിനന്‍സും പ്രാകാരവും സമരക്കാർക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധസമരങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1131 പേരാണ് അറസ്റ്റിലായിട്ടുളളത്. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, ശബരീനാഥ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമരക്കാർ മാസ്‌ക് ധരിക്കുന്നില്ല. ശാരീരിക അലം പാലിക്കുന്നില്ല. തുടങ്ങിയ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങളിലായി 1629 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അതേസമയം സ്വർണക്കടത്തുകേസിൽ കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറി വരുന്നത്.
.