dinosaur

ഇവനാണ് ' സ്റ്റാൻ '... 67 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ കറങ്ങി നടന്നിരുന്ന ടി - റെക്സ് ( ടെറനോസോറസ് റെക്സ് ) ഇനത്തിൽപ്പെട്ട ഈ ഭീമൻ ദിനോസറാണിത്. ഇതിന്റെ അസ്ഥികൾ കണ്ടെത്തിയ പാലിയന്റോളജിസ്റ്റിന്റെ പേര് തന്നെയാണ് ഈ ഭീമാകാരൻ ദിനോസറിനും നൽകിയിരിക്കുന്നത്. ലോകത്ത് ഇന്ന് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് വിരലിലെണ്ണാവുന്ന പൂർണ ടി - റെക്സ് അസ്ഥികൂടങ്ങളിൽ ഒന്നാണിത്. നിങ്ങൾക്ക് വീട്ടിലേക്ക് ഈ ഭീമൻ ദിനോസറിനെ കൊണ്ടു പോകണമെങ്കിൽ ഇതാ ആ സുവർണാവസരം വന്നിരിക്കുകയാണ്. വില കേട്ടാൽ പക്ഷേ ഞെട്ടും 6 മുതൽ 8 മില്യൺ ഡോളർ ( ഏകദേശം 44,19,15,000 മുതൽ 58,93,14,400 രൂപ വരെ ) ലേലത്തുകയാണ് സ്റ്റാന് പ്രതീക്ഷിക്കുന്നത്. ന്യൂയോർക്കിലെ ക്രിസ്റ്റീസ് ഓക്‌ഷൻ ഹൗസിൽ വച്ച് ഒക്ടോബർ 6നാണ് ലേലം.

കഴിഞ്ഞ 2 ദശാബ്ദമായി സ്റ്റാനെ സൗത്ത് ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പഠനവിധേയമാക്കുകയായിരുന്നു. 13 അടി ഉയരവും 40 അടി നീളവുമുള്ള സ്റ്റാന്റെ അസ്ഥികൂടത്തിൽ 188 അസ്ഥികളാണുള്ളത്. ലോകത്ത് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ ടി - റെക്സ് ദിനോസർ അസ്ഥികൂടം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഒരു ആഫ്രിക്കൻ ആനയുടെ രണ്ടിരട്ടി ഭാരം സ്റ്റാന് ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. സൗത്ത് ഡക്കോട്ട, വയോമിംഗ്, മൊണ്ടാന എന്നീ യു.എസ് സംസ്ഥാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ഹെൽ ക്രീക്ക് ഫോർമേഷൻ എന്ന മലനിരകളിൽ നിന്നും 1987ൽ സ്റ്റാൻ സാക്രിസൺ എന്ന പാലിയന്റോളജിസ്റ്റാണ് ഈ ഭീമൻ ദിനോസറിന്റെ അസ്ഥികൾ ആദ്യമായി കണ്ടെത്തിയത്.