arun-shourie

ന്യൂഡല്‍ഹി: ഹോട്ടല്‍ വില്‍പ്പന സംബന്ധിച്ചുള്ള അഴിമതിയില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് സി.ബി.ഐ കോടതി. രാജസ്ഥാനിലെ ഉദയ്പൂരുള്ള ലക്ഷ്മി വിലാസ് പാലസ് ഹോട്ടല്‍ വിൽപ്പന ചെയ്തതുമായി ബന്ധപ്പെട്ടുള്ള അഴിമതിയിലാണ് ഷൂരിക്കെതിരെ കേസെടുക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി നിർദേശിച്ചത്.

ഷൂരിയെ കൂടാതെ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ബൈജല്‍, ഹോട്ടല്‍ വ്യവസായി ജ്യോത്സന സൂരി എന്നിവര്‍ക്കെതിരെയും കേസെടുക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ നടത്തിയ ഹോട്ടല്‍ വില്‍പ്പനയില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്നതാണ് ഷൂരിയ്‌ക്കെതിരെയുള്ള കേസ്.

252 കോടി രൂപ മൂല്യം കണക്കാക്കപ്പെടുന്ന ഹോട്ടല്‍ 7.5 കോടി രൂപയ്ക്കാണ് വാജ്‌പേയി സര്‍ക്കാര്‍ വിറ്റഴിച്ചത്. ഫത്തേ സാഗര്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ രാജഭരണകാലത്ത് പണികഴിപ്പിച്ചതാണ്. ഇത് പിന്നീട് പഞ്ചനക്ഷത്ര ഹോട്ടലായി മാറ്റുകയായിരുന്നു. കേസില്‍ അരുണ്‍ ഷൂരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു.

തുടര്‍ന്ന് കേസിൽ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഹോട്ടല്‍ വില്‍പ്പനയിലൂടെ 143.48 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിന് വരുത്തിയെന്നും ഇതിന് ആനുപാതികമായ സാമ്പത്തിക നേട്ടം പ്രതികള്‍ വ്യക്തിപരമായോ കൂട്ടായോ കൈപ്പറ്റുകയും ചെയ്തുവെന്നും സി.ബി.ഐ കോടതി വ്യക്തമാക്കി.