തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം ചോദ്യം ചെയ്തതിൽ താൻ സന്തോഷവാനാണെന്ന് മന്ത്രി കെ.ടി.ജലീൽ. പുകമറ സൃഷ്ടിച്ച പലകാര്യങ്ങളിലും വ്യക്തത വരുത്താൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തന്റെ മറുപടികളിൽ എൻ.ഐ.എ സംഘം തൃപ്തരാണെന്നാണ് കരുതുന്നത്. വലിയ ഒരു ഭാരം മനസ്സിൽനിന്ന് ഇറക്കിവച്ചുവെന്നും ജലീൽ പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം മാദ്ധ്യമപ്രവർത്തകരോട് ഫോണിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എട്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് വൈകിട്ട് അഞ്ചുമണിയോടെ ജലീൽ മടങ്ങിയത്. വ്യാഴാഴ്ച രാവിലെ മന്ത്രിയോട് ചോദ്യം ചെയ്യാൻ എൻ.ഐ.എ ആവശ്യപ്പെട്ടപ്പോൾ അർധരാത്രിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് ജലീൽ അറിയിച്ചിരുന്നത്. എൻ.ഐ.എ സംഘം ഇത് നിരസിച്ചതോടെ ഓൺലൈനായി ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതയും മന്ത്രി തേടി. ഇതും നിഷേധിക്കപ്പെട്ടതോടെയാണ് മാദ്ധ്യമങ്ങളുടെ കണ്ണു വെട്ടിക്കുന്നതിനായി പുലർച്ചെ തന്നെ ജലീൽ എൻ.ഐ.എ ഓഫിസിലെത്തിയത്.