pic

മുംബയ്: മഹാരാഷ്ട്ര സർക്കാരും നടി കങ്കണ റാവത്തും തമ്മിലുളള വാക്ക്പോര് തുടരുന്നു. കങ്കണയുടെ വീട് അനധികൃത നിര്‍മാണമെന്ന് പറഞ്ഞ് പൊളിച്ചുനീക്കാന്‍ ശ്രമിച്ചതിനെ ബലാത്സംഗത്തോട് ഉപമിച്ചിരിക്കുകയാണ് താരം.''വീടിനെ അവര്‍ ശ്മശാനമാക്കി. നോക്കൂ എങ്ങനെയാണ് എന്റെ സ്വപ്‌നങ്ങളെ അവര്‍ നശിപ്പിച്ചതെന്ന്. ഇത് ബലാത്സംഗമല്ലേ?'' കങ്കണ ട്വീറ്റ് ചെയ്തു.

അധികൃതർ തകർത്ത പാലി ഹില്ലിലെ തന്റെ ഓഫീസ് കെട്ടിടത്തിന്റെ ചിത്രം പങ്കുവച്ചാണ് കങ്കണയുടെ പുതിയ ട്വീറ്റ്. എന്നാൽ കെട്ടിടം പൊളിച്ചതിനെ ബലാത്സംഗത്തോട് ഉപമിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. കങ്കണയുടെ വീട് പൊളിച്ചു മാറ്റാനുളള ബി.എം.സി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ശിവസേനയെയും നടിയും തമ്മിലുളള തർക്കത്തിൽ കങ്കണയ്ക്ക് പിന്തുണയുമായി ബി.ജെ.പിയും രംഗത്തെത്തി. മുംബയ് പാക് അധീന കശ്മീരിന് തുല്യമാണെന്ന് കങ്കണ പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.