consensus

ന്യൂഡൽഹി : അടുത്തിടെ ചൈനീസ് വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും നടത്തിയ ചർച്ചകളിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നുൾപ്പെടെയുള്ള സംഘർഷ മേഖലകളിൽ നിന്നും വേഗത്തിലും പൂർണമായും സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 10ന് മോസ്കോയിൽ വച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയെ സന്ദർശിച്ചപ്പോൾ രണ്ട് വിദേശകാര്യ മന്ത്രിമാരും മുന്നോട്ടു വച്ച കാര്യങ്ങളെ പറ്റി ധാരണയിലെത്തിയതായി ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. സെപ്റ്റംബർ 4ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രിയും തമ്മിൽ മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നത്. ഇന്ത്യയുടെയും ചൈനയുടേയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാർ നടത്തിയ രണ്ട് ചർച്ചയിലും യഥാർത്ഥ നിയന്ത്രണ രേഖയിലുൾപ്പെടെ സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നും വേഗത്തിലും പൂർണമായും സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സ്ഥിതിഗതികൾ വഷളാക്കുന്ന സന്ദർഭങ്ങളിൽ നിന്നും അകന്ന് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇന്ത്യയും ചൈനയും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളും കർശനമായി പാലിക്കേണ്ടതുണ്ട്. കൂടാതെ സ്ഥിതിഗതികൾ മാറാതിരിക്കാൻ ഏകപക്ഷീയമായ ശ്രമങ്ങൾ നടത്താനും പാടില്ല. നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെയടക്കം ചൈനയുമായി സമാധാനപരമായ ചർച്ചയ്ക്ക് ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

എത്രയും പെട്ടെന്ന് തന്നെ പാങ്കോംഗ് തടാകം ഉൾപ്പെടെ എല്ലാ സംഘർഷമേഖലകളിലെയും സ്ഥിതി ശാന്തമാക്കാൻ ചൈനയും ഇന്ത്യയുമായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും നിയന്ത്രണരേഖ പ്രദേശത്തെ ചൈന ബഹുമാനിക്കുമെന്നും സ്ഥിതിഗതികൾ വഷളാക്കാനുള്ള ഏകപക്ഷീയമായ കൂടുതൽ ശ്രമങ്ങൾ നടത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.