indian-army

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ, പുൽവാമ ആക്രമണത്തിന്റെ മാതൃകയിൽ ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ടുള്ള ഭീകരരുടെ ആക്രമണ പദ്ധതി തടഞ്ഞ് ഇന്ത്യൻ സേന. 40 ബി.എസ്.എഫ് ജവാന്മാർ വീരമൃത്യുവടഞ്ഞ പുൽവാമയിലെ സ്‌ഫോടനം നടന്ന പ്രദേശത്തിന് തൊട്ടടുത്തായി തന്നെയാണ് ഈ സ്‌ഫോടന പദ്ധതിയും ഭീകരർ ആസൂത്രണം ചെയ്തത്.

ഇന്ന് രാവിലെ എട്ട് മണിക്ക് നടത്തിയ കൂട്ടായ തിരച്ചിൽ ദൗത്യത്തിനിടെയാണ് 52 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

ഇവിടെയുള്ള ഗഡികൽ എന്ന പ്രദേശത്തെ കാരേവായിലാണ് ഒരു 'സിന്റക്സ്' വാട്ടർ ടാങ്കിൽ നിറച്ച രീതിയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. 125ഗ്രാം വീതമുള്ള 416 പാക്കറ്റുകളിലാണ് സ്‌ഫോടക വസ്തുക്കൾ ഇന്ത്യൻ സൈനികർ കണ്ടെടുത്തത്.

തുടർന്ന് നടത്തിയ തിരച്ചിലിൽ മറ്റൊരു ടാങ്കിൽ നിന്നുമായി 50 ഡിറ്റണേറ്ററുകളും(സ്‌ഫോടകവസ്‌തു പൊട്ടിത്തെറിപ്പിക്കുന്നതിനുള്ള സംവിധാനം) സൈന്യം കണ്ടെടുത്തു. 'സൂപ്പർ 90' എന്ന് പേരുള്ള സ്ഫോടകവസ്തുക്കളാണിതെന്ന വിവരമാണ് ഇന്ത്യൻ സേന നൽകുന്നത്.

പുൽവാമ സ്ഫോടനം നടന്നതിന് ഒൻപത് കിലോമീറ്റർ അകലെയാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത പ്രദേശമെന്നും സൈന്യം വ്യക്തമാക്കി.

2019 ഫെബ്രുവരി 14നാണ് 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ആക്രമണം നടന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന്, ഇന്ത്യൻ വ്യോമസേന പാകിസ്ഥാന് ശക്തമായ മറുപടിയും നൽകിയിരുന്നു.