harsimrat-kaur-badal

ന്യൂഡല്‍ഹി: വിവാദമായ ഫാം ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള മന്ത്രിയാണ് ഇവര്‍. ഫാം ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മന്ത്രിയുടെ രാജി.


ബില്‍ അവതരിപ്പിച്ചതിനു പിന്നാലെ മന്ത്രിയുടെ ഭര്‍ത്താവും പാര്‍ട്ടിയുടെ നേതാവുമായ സുഖ്ബിര്‍ ബാദല്‍ ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു.

ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ബില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്ന് അകാലിദള്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് മുന്നോട്ടുപോയതോടെയാണ് പ്രതിഷേധമായി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചത്.

ബില്ലിനെ എതിര്‍ക്കുമ്പോഴും ബി.ജെ.പിക്കുള്ള പിന്തുണ തുടരുമെന്ന് അകാലിദള്‍ പറയുന്നു. ലോക്സഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് അകാലിദള്‍ തീരുമാനം. ഹര്‍സിമ്രത് രാജിവെക്കുമെന്ന് സുഖ്ബിര്‍ ബാദല്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ബില്‍ നടപ്പിലായാല്‍ നിലവിലുള്ള മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നതാണ് പ്രതിഷേധത്തിന് കാരണം.