കോട്ടയം: ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായി വിവരം. ഇന്ന് ഉച്ചയോടെ ഉണ്ടായ സംഭവം ഏറെ വൈകിയാണ് പുറത്തറിയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡിൽ വച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാനായി ശ്രമിച്ചത്.
ആശുപത്രിയിലെ നഴ്‌സാണ് പെൺകുട്ടി ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. വസ്ത്രങ്ങൾ കഴുകി ഉണ്ടാക്കുന്നതിനായി പെൺകുട്ടിയുടെ അമ്മ പുറത്ത് പോയിരുന്നു.
ഈ സമയത്താണ് രണ്ട് തോർത്തുകൾ കൂട്ടികെട്ടികൊണ്ട് പെൺകുട്ടി ഫാനിൽ സ്വയം കെട്ടിത്തൂങ്ങി സ്വന്തം ജീവനെടുക്കാൻ തുനിഞ്ഞത്. താൻ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു വാർത്തകളുണ്ടായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിനാണ് കൊവിഡ് രോഗബാധിതയായ പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവറായ നൗഫൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. പെൺകുട്ടിയെ കൂടാതെ മറ്റ് മൂന്ന് യുവതികളും ആംബുലന്‍സിലുണ്ടായിരുന്നു.
രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കിയ ശേഷം മൂന്നാമത്തെയാളായ പെൺകുട്ടിയെ കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് നൗഫൽ ആക്രമിച്ചത്. യുവതി ആശുപത്രിയിലെത്തിയ ശേഷം ഇക്കാര്യം പുറത്തുപറഞ്ഞതിനെ തുടർന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.