bombay-high-court

മുംബയ്: ഗർഭസ്ഥശിശുവിന് ശാരീരിക വൈകല്യം ഉള്ളതിനാല്‍ അബോർഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. 23 ആഴ്ച പ്രായമുള്ള കുഞ്ഞിന് ശാരീരിക വൈകല്യം ഉള്ളതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. ജസ്റ്റിസ് നിതിന്‍ ജംദാര്‍, മിലിന്ദ് ജാദവ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കുഞ്ഞിന്റെ വൈകല്യം ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് പൂനെ സീസണ്‍സ് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. കുഞ്ഞിന് പിളര്‍ന്ന ചുണ്ടും അണ്ണാക്കും ഉണ്ടെന്നു കാട്ടിയാണ് യുവതി ആഗസ്റ്റ് 12ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 1971ലെ പ്രഗ്‌നന്‍സി ആക്ട് പ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാവില്ലെന്നാണ് നിയമം. ഇതേത്തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.


ആഗസ്റ്റ് 27ന് യുവതിയെ കോടതി മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കായി വിട്ടു. സെപ്തംബര്‍ 3ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുഞ്ഞിന്റെ വൈകല്യം ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. യുവതി അനുഭവിക്കുന്ന മാനസിക പ്രയാസം പരിഗണിക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം പരിശോധിച്ചില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു.