മലപ്പുറം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ റിയ ആൻ തോമസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്ന് വെെകിട്ടോടെ മലപ്പുറത്തെ വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം റിയയെ പിടികൂടുന്നത്.കോന്നി സി.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ.
തട്ടിപ്പ് കേസിനെ തുടർന്ന് ഏറെ നാളായി റിയ ഒളിവിലായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച റോയി ഡാനിയേലിന്റെ രണ്ടു മക്കളെ ഡൽഹി വിമാനത്താവളത്തിൽ നിന്നും നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന് റോയിയും ഭാര്യയും പൊലീസിന് മുന്നിൽ കീഴടങ്ങി. ഇതിന് പിന്നാലെ ഒളിവിലുളള റിയയെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു പൊലീസ്. കഴിഞ്ഞ ദിവസം റിയ മലപ്പുറത്തുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ റിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് രാവിലെ കോടതി നിരസിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം മലപ്പുറത്തെത്തി റിയയെ
അറസ്റ്റ് ചെയ്തത്. ഈ മാസം 28വരെയാണ് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയിട്ടുളളത്. റിയ അറസ്റ്റിലായതോടെ കേസ് കൂടുതൽ വഴി തിരിവിലേക്കെത്തുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.