തിരുവനന്തപുരം: മതഗ്രന്ഥത്തെ പ്രതിപക്ഷം രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'ഖുര്‍ ആന്‍' സര്‍ക്കാര്‍ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവഹേളനം ഖുറാനോടോ' എന്ന തലക്കെട്ടിൽ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും കോടിയേരി വ്യക്തമാക്കി. വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റമെന്ന് അദ്ദേഹം ചോദിച്ചു.
'യു.ഡി.എഫ് കണ്‍വീനറും ബി.ജെ.പി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തത്. ഖുർ ആൻ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഒരു പുസ്തകമാണോ? സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഒരു ജനാധിപത്യ സമരമല്ല മറിച്ച് സമരാഭാസമാണ്'-കോടിയേരി വിമർശിച്ചു.
'ഖുർ ആനെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. യു.ഡി.എഫ്- ബി.ജെ.പി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങും. ഖുർ ആൻ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍.ഡി.എഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ്. ഖുറാനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണ്'- കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി.
താനും ഇ.പി ജയരാജനും തമ്മിൽ ഭിന്നതയില്ലെന്നും കോടിയേരി പറയുന്നു. സ്വർണക്കടത്തു കേസിൽ തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് മകൻ ബിനീഷ് ശ്രമിക്കുന്നതെന്നും, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കിൽ ഏത് ശിക്ഷയും കിട്ടട്ടെയന്നും കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി.