കൊച്ചി: സ്വർണക്കടത്ത് കേസിന്റെ അന്വേഷണ പുരോഗതി സൂക്ഷ്‌മമായി നിരീക്ഷിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ. കേസിന്റെ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്തുന്നത് എൻഫോഴ്സ്‌മെന്റ് സ്‌പെഷ്യൽ ഡയറക്‌ടർ സുശീൽ കുമാറാണ്. ഇന്നലെ ഉച്ചയോടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖലാ ഓഫീസിൽ എത്തിയ സുശീൽകുമാർ അഞ്ച് മണിക്കൂറോളമാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയത്.
സുശീൽ കുമാറിന്റെ വരവ് രണ്ട് മാസം കൂടുമ്പോഴുളള പതിവ് സന്ദർശനം മാത്രമാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിശദീകരണം. സുശീൽ കുമാറുമായി അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ പി.വിജയകുമാർ, എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രോസിക്യൂട്ടർ ടി.എ ഉണ്ണികൃഷ്ണൻ എന്നിവർ കൂടിക്കാഴ്ച്ച നടത്തി. കസ്റ്റംസ് കമ്മീഷ്‌ണറുമായും സുശീൽ കുമാർ കേസിന്റെ വിശദാംശങ്ങൾ സംസാരിച്ചു.
അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷടക്കം എട്ട് പേരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ റിമാൻഡ് നീട്ടണമെന്നാണ് എൻ.ഐ.എയുടെ ആവശ്യം. ഒന്നാം പ്രതി സരിത് അടക്കം മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കസ്റ്റംസ് കോടതി ഉത്തരവ് പുറപ്പെടുവിക്കും. അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് ഇവരുടെ വാദം.