har-simrat-kaur

ന്യൂഡൽഹി: എൻ.ഡി.എ സംഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ മന്ത്രി ഹർസിമ്രത് കൗർ ബാദൽ നൽകിയ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. പഞ്ചാബിലും ഹരിയാനയിലുമടക്കം നിരവധി കർഷക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ഓർഡിനൻസുകൾക്ക് പകരമായി കൊണ്ടുവന്ന ബില്ലുകൾ സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. വൻ കോർപറേറ്റുകളുടെ കരാർ കൃഷിക്ക് അനുകൂലമാവുന്ന ബിൽ ഇടത്തരം കൃഷിക്കാർക്ക് തിരിച്ചടിയാവുമെന്നും കർഷകരുടെ ഉത്പന്നങ്ങൾ കോർപറേ​റ്റ് താത്പര്യം നോക്കി വിൽക്കേണ്ടി വരുമെന്ന ആശങ്കയും അവർ പങ്കുവച്ചു. ഇതോടെ സർക്കാരിന് വിപണി പങ്കാളിത്തം നഷ്ടമാവുന്നത് കർഷകർക്ക് ദോഷം ചെയ്യുമെന്നാണ് വാദം.

ദ ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലി​റ്റേഷൻ), ദ ഫാർമേഴ്‌സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്‌ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് എന്നീ ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനൊപ്പമാണ് അകാലിദളും സർക്കാരിനെതിരെ തിരിഞ്ഞത്.

കൗറിന്റെ ഭർത്താവും പാർട്ടി അദ്ധ്യക്ഷനുമായ സുഖ്ബീർ ബാദൽ, ബില്ലിന്റെ ചർച്ചയ്‌ക്കിടെ ലോക്‌സഭയിലാണ് മന്ത്രിയുടെ രാജി പ്രഖ്യാപിച്ചത്. നേരത്തെ പഞ്ചാബ് കോൺഗ്രസ് എം.പിമാർ ബില്ലിന്റെ പകർപ്പ് കത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം സഭ പാസാക്കിയ അവശ്യ സാധന ഭേദഗതി നിയമ ബില്ലിനെതിരെയും അകാലിദൾ വോട്ടു ചെയ്‌തിരുന്നു