കാസർകോട്: ജുവലറി നിക്ഷേപത്തട്ടിപ്പിൽ എം സി കമറുദീൻ എം എൽ എയ്ക്കെതിരെ രണ്ടുകേസുകൾ കൂടി രജിസ്റ്റർചെയ്തു. ചന്തേര സ്റ്റേഷനിലാണ് കേസുകൾ രജിസ്റ്റർചെയ്തത്. ഇതോടെ കേസുകളുടെ എണ്ണം 53 ആയി. ഇതിൽ പതിമൂന്ന് കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശേഷിക്കുന്ന കേസുകളിലും ഉടൻ അന്വേഷണം ആരംഭിക്കുമെന്നാണ് അറിയുന്നത്.
ജുവലറി തട്ടിപ്പ് വിഷയം വിവാദമായതോടെ ലീഗ് നേതൃത്വം എം എൽ എയ്ക്കെതിരെ നടപടിയെടുത്തിരുന്നു. യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു. എം എൽ എയ്ക്കെതിരെ പരാതി ഉയർന്നെങ്കിലും ആദ്യം നടപടിയെടുക്കാൻ പാർട്ടിനേതൃത്വം തയ്യാറായില്ല. ഒടുവിൽ ഏറെ പരാതികൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിലാണ് നടപടിയെടുത്തത്.