തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും മന്ത്രിയ്ക്ക് എൻ.ഐ.എ ക്ളീൻ ചിറ്റ് നൽകിയിട്ടില്ല. ജലീൽ നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ എൻ.ഐ.എ സ്വീകരിക്കുക. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ 22ന് കോടതിയിൽ ഹാജരാക്കുന്നുണ്ട്. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എൻ.ഐ.എ നീക്കം. ചോദ്യം ചെയ്യലിൽ ജലീലിൽ നൽകിയ മറുപടികളും സ്വപ്‌നയുടെ മൊഴികളും എൻ.ഐ.എ വിശദമായി പരിശോധിക്കും. മൊഴിയുടെ പകർപ്പ് ഇന്നലെ രാത്രി തന്നെ ഡൽഹിയിലെയും ഹൈദരാബാദിലേയും ഓഫീസുകൾക്ക് എൻ.ഐ.എ കൈമാറി.
സ്വപ്‌നയുടെ മൊഴി നിർണായകമാകും
ഇന്നലെ പല ചോദ്യങ്ങൾക്കും ജലീൽ നൽകിയ മറുപടികൾ തൃപ്തികരമല്ലെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തതയാവും സ്വപ്‌നയിൽ നിന്ന് എൻ.ഐ.എ തേടുക. ജലീലിനെതിരായി സ്വപ്‌നയുടെ നാവിൻതുമ്പിൽ നിന്ന് എന്തെങ്കിലും വീണാൽ മന്ത്രിയുടെ കാര്യം കൂടുതൽ കുഴപ്പത്തിലാകും. മന്ത്രിക്ക് ക്ളീൻ ചിറ്റ് നൽകണമെങ്കിൽ സ്വപ്‌നയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും എൻ.ഐ.എ കരുതുന്നു.
കോൺസുലേറ്റിൽ നിന്ന് ഖുറാൻ കൈപ്പറ്റിയതിലും കോൺസൽ സെക്രട്ടറി എന്ന നിലയിൽ സ്വപ്ന സുരേഷുമായുളള ജലീലിന്റെ പരിചയം സംബന്ധിച്ചും എൻ.ഐ.എ സ്വപ്‌നയോട് കൂടുതൽ വിവരങ്ങൾ തേടും.
ചട്ടലംഘനങ്ങളിൽ മറുപടിയില്ലാതെ ജലീൽ
എൻ.ഐ.എ ഇന്നലെ ചോദിച്ച പല ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായ മറുപടി നൽകാൻ ജലീലിന് കഴിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വിദേശരാജ്യത്തിൽ നിന്ന് സഹായം സ്വീകരിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ല, ചട്ടം ലംഘിച്ച് ഖുറാൻ കൈപ്പറ്റിയതിന് ശേഷവും അക്കാര്യം കേന്ദ്രത്തെ അറിയിക്കാത്തത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങൾക്ക് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. കോൺസൽ ജനറൽ ആവശ്യപ്പെട്ടതിനാലാണെന്നാണ് ജലീലിൽ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. എന്നാലിത് തൃപ്തികരമല്ലെന്നാണ് എൻ.ഐ.എ പറയുന്നത്. ചട്ടങ്ങൾ ലംഘിച്ചാണ് മന്ത്രിയുടെ ഇടപെടലെന്നും എൻ.ഐ.എ ഉറച്ചുവിശ്വസിക്കുന്നു. ജലീലിന്റെ മൊഴിയുടെ പകർപ്പ് എൻ.ഐ.എ കേന്ദ്ര ഓഫീസിന് കൈമാറി. മന്ത്രി കെ ടി ജലീലിന്റെ മൊഴി ദേശീയ അന്വേഷണ ഏജൻസി ഇന്ന് വിശദമായി പരിശോധിക്കും. സ്വപ്‌ന ജലീലിനോട് നേരിട്ട് സഹായം അഭ്യർത്ഥിച്ച മറ്റ് രണ്ട് സാഹചര്യങ്ങളെ കുറിച്ചും എൻ.ഐ.എ ജലീലിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ജലീൽ മാപ്പുസാക്ഷിയാകുമോ?
കേസിൽ ജലീലിനെ എൻ.ഐ.എ മാപ്പുസാക്ഷി ആക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റിൽ എത്തിച്ച മതഗ്രന്ഥം ജലീൽ ഏറ്റുവാങ്ങുകയാണ് ചെയ്തത്. അതിന്റെപേരിൽ സ്വർണം കടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം ജലീൽ അറിയണമെന്നുമില്ല. കാര്യങ്ങൾ അറിയാതെയാണെങ്കിലും അതിൽ പങ്കാളിയാകുമ്പോഴാണ് സാധാരണ രീതിയിൽ മാപ്പ് സാക്ഷിയാകുന്നത്. എന്നാൽ, ഇക്കാര്യത്തിലൊന്നും ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും
കേരളത്തിൽ മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു. വരുംദിവസങ്ങളിൽ മന്ത്രിയെ ചോദ്യം ചെയ്യും. നയതന്ത്ര ചാനൽ വഴി കൊണ്ടുവരുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്നതിനാലാണ് ജലീലിനെതിരെ കേസെടുത്തത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ കസ്റ്റംസ് നിയോഗിച്ചു. നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുടിവെള്ളം മുതൽ ഭക്ഷണ സാധനങ്ങൾ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാൻ അനുമതിയുണ്ട്. എന്നാൽ ഇതിന്റെ മറവിൽ മതഗ്രന്ഥങ്ങൾ എത്തിക്കുകയായിരുന്നു.