ബംഗളുരു: കൊവിഡ് പോസിറ്റീവായ രോഗികളെ രണ്ട് വട്ടം ദുബായിൽ എത്തിച്ചതിന് വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരം ദുബായിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്. സെപ്‌തംബർ 18 മുതൽ ഒക്‌ടോബർ 3 വരെയാണ് വിലക്ക്.
മുൻപ് കൊവിഡ് പോസിറ്റീവ് റിപ്പോർട്ടുളള രോഗിയെ ദുബായിലെത്തിച്ചതിന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർക്ക് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി സെപ്‌തംബർ 2 ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും വീണ്ടും ആളെ എത്തിച്ചതിനാലാണ് വിലക്ക് വന്നത്. കൊവിഡ് പോസിറ്റീവായ ആളിനൊപ്പം സഞ്ചരിച്ച ചിലർക്ക് കൊവിഡ് പോസിറ്റീവായതായാണ് വിവരം. ദുബായിലെത്തിച്ച യാത്രക്കാരുടെ കൊവിഡ് ചികിത്സയ്‌ക്കും ക്വാറന്റൈനിനുമുളള ചിലവ് കമ്പനി വഹിക്കണമെന്നും ദുബായ് അധികൃതർ ആവശ്യപ്പെട്ടു.
സർവീസ് സസ്‌പെൻഷനെ തുടർന്ന് എയർ ഇന്ത്യ ദുബായ് നിന്നുള്ള വിമാനങ്ങൾ ഷാർജയിലേക്ക് പുനക്രമീകരിച്ചു. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകരുതെന്നും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.