കൊൽക്കത്ത: ബോളിവുഡ് താരം വിദ്യ ബാലൻ ഉൾപ്പടെയുള്ളവരുടെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനറായിരുന്നു ഷെർബാരി ദത്തയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെ തെക്കൻ കൊൽക്കത്തയിലെ ബോർഡ് സ്ട്രീറ്റിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 63 വയസായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ എന്തെങ്കിലും പറയാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസം രാവിലെ മുതലാണ് അമ്മയെ കാണാതായതെന്നാണ് ഷെർബാരി ദത്തയുടെ മകനും ഫാഷൻ ഡിസൈനറുമായ അമാലിൻ ദത്ത പൊലീസിനോട് പറഞ്ഞത്. ജോലിസംബന്ധമായ ആവശ്യത്തിനായി പുറത്തുപോയിരിക്കും എന്നാണ് വിചാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാത്രി വൈകിയും ഷെർബാരിയെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബഡോക്ടർ എത്തിയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും .പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രശസ്ത ബംഗാളി കവി അജിത്ത് ദത്തയുടെ മകളാണ് ഷെർബാരി.