k-surendran

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഇരവാദം പരിതാപകരവും അപഹാസ്യപരവുമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വേട്ടയാടപ്പെടുകയാണെന്ന പ്രതീതി ജലീൽ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'എൻ.ഐ.എ ഉൾപ്പെടെയുള്ള ഒരു ഏജൻസിയും ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. സി.പി.എമ്മിന്റെ നേതാക്കൾ കേസ് വർഗീയവത്കരിക്കാനാണ് ശ്രമിക്കുന്നത്'- സുരേന്ദ്രൻ പറഞ്ഞു. സാക്ഷിയാണെന്ന ജലീലിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എതിരാളികള്‍ക്ക് തന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും എന്നാല്‍ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കെ.ടി ജലീൽ വിവാദങ്ങളോട് പ്രതികരിച്ചു. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്യാത്തതിനാലാണ് കൂസാതെ മുന്നോട്ട് പോകാനാവുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്തു വിതരണം ചെയ്തത് നിയമലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു കസ്റ്റംസ് കേസെടുത്തിരിക്കുന്നത്.