കേരളത്തിൽ മാത്രമല്ല അങ്ങ് ചൈനയിലുമുണ്ട് പുലിക്കളി. ദുരാത്മാക്കളെ ഒഴിപ്പിക്കുന്നതിനുള്ള പുരാതന ആചാര നൃത്തമാണ് ‘വുതു’. ചിങ്ഹായ് പ്രവിശ്യയിലെ നിയാണ്ടുഹു ഗ്രാമത്തിലാണ് ഈ നൃത്തം അരങ്ങേറുന്നത്. ‘തു’ എന്ന ഗോത്രവിഭാഗം താമസിക്കുന്ന ഗ്രാമമാണ് നിയാണ്ടുഹു. പുരാതന ചൈനീസ് ഭാഷയിൽ കടുവയുടെ മറ്റൊരു പേരാണ് 'വുതു'. എല്ലാ ശൈത്യകാലത്തും തു ഗോത്രത്തിൽ പെട്ടവർ ആചാരമായി വുതു നൃത്തം അവതരിപ്പിക്കുന്നു, പിശാചിനെ ഗ്രാമത്തിൽ നിന്ന് ഒഴിപ്പിക്കാനും, നല്ല ഭാഗ്യം കൈവരിക്കാനും വേണ്ടിയാണ് ഈനൃത്തം.
ഐതിഹ്യം അനുസരിച്ച്, ഹുവോർ രാജാവിന്റെ പത്നി രോഗബാധിതയായപ്പോൾ. വൈദ്യചികിത്സയ്ക്കോ മാന്ത്രിക കലകൾക്കോ അവരെ സുഖപ്പെടുത്താനായില്ല. അവരുടെ ജീവൻ രക്ഷിക്കാൻ രാജാവ് ഒരു പരമ്പരാഗത നൃത്തം അവതരിപ്പിക്കാൻ തീരുമാനിച്ചു, അദ്ദേഹത്തിന്റെ പട്ടാളക്കാർ കടുവകളെപ്പോലെ വസ്ത്രം ധരിച്ച് ദുരാത്മാക്കളെ പുറത്താക്കിയെന്നും, രാജകുമാരി സുഖം പ്രാപിച്ചുവെന്നും ആണ് കഥ. അന്നുമുതൽ,ആളുകൾ ഈ നൃത്തം കളിക്കുവാൻ തുടങ്ങി. ശരീരം മുഴുവൻ ചാരം പൂശി ശരീരത്തിൽ കടുവകളുടെ വരകൾ വരച്ചുചേർത്താണ് അവർ നൃത്തത്തിനായി തയ്യാറെടുക്കുന്നത്. നർത്തകരുടെ കൈവശമുള്ള വടികളിൽ ഗ്രാമ വാസികൾ മാംസവും ബ്രെഡ്ഡും തൂക്കി ഇടുന്നു. അവർ എത്രയധികം ഭക്ഷണസാമഗ്രികൾ കൊണ്ടുപോകുന്നോ അത്രയും ഭാഗ്യം കൈവരും എന്നാണ് വിശ്വാസം. വുതു ദുഃഖവും തിന്മയും ഇല്ലാതാക്കുമെന്നാണ് ഗ്രാമവാസികൾ കരുതുന്നത്. ചടങ്ങിന്റെ അവസാനം, തിന്മയിൽ നിന്ന് മുക്തി നേടുന്നതിന്റെ പ്രതീകമായി നർത്തകർ നദിയിൽ കുളിച്ച് ചാരം കഴുകികളയുന്നു.