വ്യക്തിശുചിത്വത്തിന്റെ പ്രധാന ഘടകം കുളി എന്നാണല്ലോ സാധാരണ സങ്കൽപ്പം. എന്നാൽ, അറുപത് വർഷത്തോളം കുളിക്കാത്ത ഒരു മനുഷ്യനുണ്ട്, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ. ധജ്ഗാഹ് ഗ്രാമത്തിലെ അമു ഹാജി എന്ന 80 കാരനാണ് കുളിയെ വെറുത്ത ആ മനുഷ്യൻ. ചെറുപ്പത്തിൽ കനത്ത മാനസികസമ്മർദ്ദം അനുഭവിക്കേണ്ടി വന്ന അമു, ഒരു ശപഥമെടുത്തു. താൻ ഇനി കുളിക്കുന്നില്ലെന്ന്. 'ജീവിത ശൈലി' കൊണ്ടായിരിക്കാം പിന്നീടങ്ങോട്ട് ഒറ്റക്കായി ജീവിതം. ഇയാൾ ഭക്ഷണമായി കഴിക്കുന്നത് മൃഗങ്ങളുടെ അഴുകിയ മാംസമാണ്. പുകവലിക്കാൻ ഉപയോഗിക്കുന്നതാകട്ടെ മൃഗങ്ങളുടെ ഉണങ്ങിയ വിസർജ്യവും. ടെഹ്റാന് ടൈംസ് ദിനപത്രമാണ് അമുവിന്റെ കഥ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. പിന്നീട് അന്താരാഷ്ട്രമാദ്ധ്യമങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 1954 ലാണ് അമു അവസാനമായി കുളിച്ചത്. ഒറ്റക്കുള്ള താമസം മതിയാക്കി ഒരാളെ ജീവിതപങ്കാളിയാക്കാൻ ആമുവിന് ആഗ്രഹിച്ചെങ്കിലും, അത് നടന്നില്ല. കുറച്ച് യുവാക്കൾ ചേർന്ന് ബലപ്രയോഗത്തിലൂടെ കക്ഷിയെ കുളിപ്പിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം വീഴും മുമ്പേ കക്ഷി ഓടി രക്ഷപ്പെട്ടു. താടി ഒതുക്കി നിർത്തുന്നതിനായി തീ ഉപയോഗിച്ച് കരിച്ച് കളയുകയാണ് പതിവ്. ഏതെങ്കിലും കുഴിയിലോ നാട്ടുകാർ പണിതുനൽകിയ കൂരയിലോ ആണ് പുള്ളിയുടെ താമസം. മണ്ണ് നിറഞ്ഞ അമുവിന്റെ ചർമം പാറക്കല്ല് പോലെ പരുത്തതാണെന്ന് പ്രദേശവാസികൾ പറയുന്നു. കാടുകൾക്കിടയിൽ അ നങ്ങാതെ നിന്നാൽ പാറക്കല്ലാണെന്നേ തോന്നുകയുള്ളു. എന്നാൽ മറ്റു നാട്ടുകാരേക്കാൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും അമു ജീവിക്കുന്നു എന്നതാണ് എടുത്ത് പറയേണ്ട കാര്യം. കുളിച്ചാലാണ് തനിക്ക് അസുഖം വരുമെന്നാണ് എന്നാണ് അമു പറയുന്നത്. മുമ്പ് 38 വർഷമായി കുളിക്കാതിരുന്ന കൈലാഷ് സിംഗ് എന്ന ഇന്ത്യൻ മുത്തച്ഛന്റെ റെക്കാർഡാണ് അമു ഇതോടെ അട്ടിമറിച്ചത്.