കൊച്ചി: മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിന് ഹാജരായ ഇന്നലെ എൻ.ഐ.എ ഓഫീസിന് പുറത്ത് നടന്ന സംഘർഷത്തിൽ പൊലീസ് വാഹനത്തിന്റെ ചില്ല് തല്ലിപൊളിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടയിലാണ് സമരക്കാരേയും പൊലീസുകാരേയും ഞെട്ടിച്ച സംഭവം എൻ.ഐ.എ ഓഫീസിന് മുന്നിൽ നടന്നത്. ചില്ല് അടിച്ചു പൊട്ടിച്ചത് മറ്റാരുമല്ല, യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക ഭാരവാഹി തന്നെയാണ്. യൂത്ത് കോൺഗ്രസ് എറണാകുളം സൗത്ത് മണ്ഡലം പ്രസിഡന്റ് സോണി പന്നംതാനമാണ് സംഭവത്തിന് പിന്നിൽ.
പൊലീസ് ബലംപ്രയോഗം നടത്തി വണ്ടിയിൽ കയറ്റുന്നതിനിടെ തന്റെ മുണ്ടിൽ പിടിച്ച് വലിക്കരുതെന്ന് സോണി പന്നംതാനം ആക്രോശിക്കുന്നുണ്ട്. ഒടുവിൽ സോണിയെ ഒരു വിധത്തിൽ വണ്ടിയ്‌ക്കകത്ത് കയറ്റിയ പൊലീസ് വാഹനത്തിന്റെ ഡോർ ലോക്ക് ചെയ്‌ത് പുറത്ത് ലാത്തിച്ചാർജ് തുടരുകയായിരുന്നു. വാഹനത്തിന്റെ പുറത്ത് അടി നടക്കുന്നത് കണ്ട സോണി വാതിൽ തുറക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതിൽ ദേഷ്യം വന്ന ഇയാൾ കൈ മുട്ട് കൊണ്ടിടിച്ച് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുകയായിരുന്നു.
'മാന്യമായിട്ട് ഞങ്ങൾ പരിപാടി നടത്തിയതാ,തെണ്ടിത്തരം കാണിക്കരുത് തെണ്ടിത്തരം' എന്ന് ചില്ല് അടിച്ചു പൊട്ടിച്ച ശേഷം ക്ഷുഭിതനായി സോണി പൊലീസുകാരോട് പറയുന്നുണ്ട്. ചില്ല് പൊട്ടിയ ഷോക്കിൽ സ്‌തബ്‌ധരായി നിൽക്കുകയാണ് പൊലീസുകാർ ചെയ്‌തത്. സമൂഹ മാദ്ധ്യമങ്ങളിൽ സോണിയെ പുകഴ്‌ത്തി നിരവധി കോൺഗ്രസുകാർ രംഗത്തെത്തിയിട്ടുണ്ട്. പൊലീസുകാർ തെറി വിളിച്ചതിനെ തുടർന്നാണ് സോണി ചില്ല് പൊട്ടിച്ചതെന്നാണ് ഇവരുടെ പക്ഷം. അതേസമയം സോണിയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സോണി കസ്‌റ്റഡിയിൽ തുടരുകയാണ്.