തനി നാട്ടിൻപുറത്തുകാരിയാണ് നടി അനുമോൾ. സിനിമാജീവിതത്തിലേക്ക് കടന്നെങ്കിലും ഇന്നും അതിന് മാറ്റം വന്നിട്ടില്ല. ഷൂട്ട് കഴിഞ്ഞാൽ ഓടിയെത്താൻ ഇപ്പോഴും കൊതിക്കുന്നയിടം പാലക്കാട് നടുവട്ടത്തെ വീട്ടിലേക്കാണ്. അവിടത്തെ ചെടികളോടും കിളികളോടും വർത്തമാനം പറഞ്ഞ് പാടത്തും പറമ്പിലും ഓടി നടക്കുന്ന ആ പഴയ പട്ടുപാവാടക്കാരിയാകാനാണ് മനസ് കൊണ്ട് കൊതിക്കുക. ആഘോഷങ്ങളുടെ നടുവിൽ മണ്ണിൽ ചവിട്ടിയുള്ള ആ ജീവിതം ആരെയും കൊതിപ്പിക്കും. ചിങ്ങം പിറന്നപ്പോൾ പാടത്ത് നെല്ല് വിതച്ച വീഡിയോ പോസ്റ്റ് ചെയ്ത് മലയാളികളെ അനുമോൾ ഞെട്ടിച്ചിരുന്നു. താരത്തിന്റെ വിശേഷങ്ങളിലേക്ക്...
''പാടത്ത് വിത്ത് വിതയ്ക്കുന്ന വീഡിയോ കണ്ടിട്ട് പലരും ചോദിച്ചത് അനു കൃഷി ചെയ്യാൻ തുടങ്ങിയോ എന്നാണ്. ഇതിപ്പോ തുടങ്ങിയതൊന്നും അല്ല. കൃഷി വീട്ടിൽ മുന്നേയുള്ളതാണ്. അനുയാത്ര എന്ന എന്റെ യൂട്യൂബ് ചാനലിൽ ഇട്ടതുകൊണ്ടാണ് ആൾക്കാർ ഇപ്പോൾ ശ്രദ്ധിച്ചത്. ഞങ്ങളുടേത് കർഷക കുടുംബമാണ്. കൃഷി കണ്ടും കേട്ടും അറിഞ്ഞും വളർന്നയാളാണ്. ചെറുപ്പത്തിലൊക്കെ വെക്കേഷനായാൽ ഫുൾടൈം പാടത്താണ്. പണിക്കാർക്ക് ആഹാരം കൊടുക്കുക, അവര് പണിയെടുക്കുന്നുണ്ടോന്ന് നോക്കുക ഇതൊക്കെ നമ്മുടെ ജോലിയാണ്. പക്ഷേ ഞാൻ അവിടെയെത്തിയാൽ ജോലിക്കാരോട് വർത്തമാനം പറഞ്ഞ് പണിയെടുക്കാൻ സമ്മതിക്കില്ല. അന്നും ഇന്നും ചെളിയിൽ കളിക്കാനൊക്കെ വലിയ ഇഷ്ടമാണ്. വീടിന് തൊട്ടടുത്ത് തന്നെയാണ് പാടം. മുമ്പൊക്കെ വർഷത്തിൽ രണ്ടുവട്ടം കൃഷി ചെയ്യുമായിരുന്നു. ഇപ്പോൾ ഒരു പ്രാവശ്യമായി കുറഞ്ഞു. മൂന്ന് ഏക്കർ പാടമാണ്. നല്ല പണിയാണ്. ഒരു മാസം കഴിയുമ്പോൾ ഞാറ് പറിച്ച് നടണം. മൂന്നു മാസം കഴിയുമ്പോഴേക്കും കൊയ്യാറാകും. വീട്ടിൽ അരിയൊന്നും പുറത്ത് നിന്ന് വാങ്ങാറേയില്ല. നെല്ലിന്റെ എല്ലാ പരിപാടികളൊക്കെ നോക്കുന്നത് അമ്മയാണ്. മില്ലിൽ കൊണ്ടു പോണത് ഞാനും. വീട്ടിൽ ഇതുവരെ പുറത്ത് നിന്ന് അരിവാങ്ങേണ്ടി വന്നിട്ടില്ല. ""
വീട്ടുതൊടിയിലെ അവധിക്കാലം
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവധിക്കാലമായിരുന്നു ലോക്ക് ഡൗൺ. പുറത്തേക്കൊന്നും പോകാനാകാതെ വീട്ടിലും പറമ്പിലും മാത്രമായി ജീവിച്ച നാളുകൾ. പൊതുവേ ഷൂട്ട് ഇല്ലാത്ത സമയങ്ങളിലൊക്കെ യാത്ര പോകാറാണ് പതിവ്. അതുകൊണ്ട് തന്നെ ലോക് ഡൗണിലെ ആദ്യത്തെ കുറച്ച് ദിവസങ്ങൾ അറുബോറായിരുന്നു. കുറേ പുസ്തകങ്ങൾ വായിച്ചു. വീട്ടിലും പറമ്പത്തുമൊക്കെയിരുന്നായിരുന്നു വായന. പിന്നെ എല്ലാവരെയും പോലെ കുറച്ച് പാചകപരീക്ഷണങ്ങൾ നടത്തി. സംഗതി ക്ലിക്കായെങ്കിലും വേണ്ടെന്ന് വച്ചു. നല്ല അദ്ധ്വാനവും ക്ഷമയും വേണം. പിന്നെ ഇതൊക്കെ കഴിഞ്ഞ് വണ്ണവും കൂടാൻ തുടങ്ങിയതോടെ ആ മോഹം ഉപേക്ഷിച്ചു. യുട്യൂബിലായിരുന്നു കൂടുതൽ പേരും ആ സമയം ചെലവഴിച്ചത്. പക്ഷേ എന്റെ ചാനലിൽ കഴിഞ്ഞ അഞ്ചുമാസത്തിന് ശേഷമാണ് കൃഷിയിറക്കിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ പരിപാടി ഹെർബൽ സോപ്പും ഹെർബൽ ഷാംപുവും ഉണ്ടാക്കലാണ്. അനിയത്തിക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ അയച്ചു കൊടുത്തു. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്.
നടുവട്ടത്തേക്കാണ് ഓരോ യാത്രയും
പാടവും തൊടിയും പറമ്പും കുളവുമൊക്കെയാണ് എന്റെ ഇഷ്ടങ്ങൾ. സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ ക്ലാസ് കഴിഞ്ഞ് വീട്ടിൽ വന്നാൽ തൊടി നനയ്ക്കാൻ എന്നെയാണ് ഏൽപ്പിക്കുക. തെങ്ങും കവുങ്ങും വെറ്റിലയും പച്ചക്കറിയുമൊക്കെ കൃഷിയുണ്ട്. വെള്ളം നനയ്ക്കാൻ പോകുമ്പോൾ ഇവരോടൊക്കെ വർത്തമാനം പറയും. അവർക്കത് മനസിലാകും. സഹജീവി സ്നേഹം മാത്രമല്ല, ഞങ്ങൾക്കിടയിൽ ഒരു എനർജി എക്സ്ചേഞ്ച് നടക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. ഇവയോടൊക്കെ കുഞ്ഞുന്നാൾ മുതൽ വർത്തമാനം പറഞ്ഞ് കൂട്ടുകാരായി കണ്ടതുകൊണ്ട് ഒന്നിനെയും വെട്ടിമുറിക്കാൻ സമ്മതിക്കില്ല.
കൊച്ചിയിൽ എത്തിയാലും ഓടി നാട്ടിൽ വരും. ഹോം സിക്ക്നെസ് കൂടിയ ആളാണ്. എന്റെ മുറിയും എന്റെ പറമ്പും ഒക്കെയാണ് ഇവിടേക്ക് പിന്നെയും പിന്നെയും വലിച്ചിടുന്നത്. നാടിനോട് ഇപ്പോഴും വലിയ പ്രേമമാണ്. ഇവിടെയാർക്കും ഞാനൊരു സിനിമാതാരമല്ല. വീട്ടിലുള്ളപ്പോഴെല്ലാം രാവിലെ നടക്കാൻ പോകും. എല്ലാ വീട്ടിലും ഹാജർ വച്ചിട്ടാണ് പോകുന്നത്. വീടുകളിൽ രാവിലത്തെ ആഹാരം ഉണ്ടാക്കുന്ന സമയമല്ലേ. ഇടവഴിയിലൂടെ നടന്നു പോകുമ്പോൾ തന്നെ അവയുടെ മണം വന്ന് മൂക്കിൽ തൊടും. അവിടെ നിന്ന് ഉറച്ച് വിളിച്ച് ചോദിക്കും, ചേച്ചിയേ ചട്ണിയാണോ ഇന്നെന്ന്. എന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ അവര് വീട്ടിലേക്ക് വിളിക്കും. പിന്നെ അവിടെ കയറിയിരുന്ന് കഴിക്കും. ഇതൊക്കെയാണ് എന്റെ രീതികൾ.
മനസിലുണ്ട് ആ ഓർമ്മക്കാലം
നല്ലൊരു കുട്ടിക്കാലമായിരുന്നു എന്റേത്. ഒത്തിരി ഓർമകളുണ്ട്. പഴയ ഓർമകളൊക്കെ പങ്കുവയ്ക്കുമ്പോൾ കൊച്ചിയിലുള്ളവർക്കൊക്കെ വിശ്വസിക്കാൻ പാടാണ്. ഞങ്ങളുടേത് തനി നാട്ടിൻപുറമാണ്. ഓണക്കാലത്തൊക്കെ ഓണപ്പൂക്കൊട്ടയുമായി പൂക്കൾ തേടിയിറിങ്ങും. അതുംകൊണ്ട് പാടത്ത് പോയി തുമ്പപ്പൂവും ചാമപ്പുല്ലുമൊക്കെ പറിക്കും. പാടത്തിന്റെ നടുക്കാണ് ചാമപ്പുല്ല് നിൽക്കുക. ഓണക്കാലത്ത് പാടത്ത് കൃഷി ചെയ്യുന്ന സമയമല്ലേ. ചെറിയ കുട്ടികളാകുമ്പോൾ നമ്മൾ ഇതൊന്നും ശ്രദ്ധിക്കില്ലല്ലോ. നെല്ലെല്ലാം ചവിട്ടി മെതിക്കും. പാടത്തും തോട്ടിലും വീണ് ദേഹം മുഴുവൻ ചെളിയാകും. അപ്പോഴേക്കും കൃഷിയിറക്കിയവർ വടിയുമായി വരും. പിന്നെ കിട്ടിയ പൂക്കളും കൊണ്ട് വീട്ടിലേക്ക് ഒരോട്ടമാണ്. അതുപോലെ വേനലവധിക്കാലത്ത് ഞങ്ങൾ കുട്ടികളെല്ലാം കൂടി കളിക്കാനിറങ്ങും. തിരികെ വീട്ടിൽ കയറുക രാത്രിയാകും. കളിയുടെ ലഹരിയിൽ വിശപ്പും ദാഹോം ഒന്നുമുണ്ടാകില്ല.
നടിയാകുന്നത് യാദൃശ്ചികമായി
സിനിമ പഠിച്ചത് സിനിമയിലെത്തിയ ശേഷമാണ്. എന്റെ ആദ്യ സിനിമ മുതൽ കൂടെയുണ്ടായിരുന്നവരെല്ലാം സിനിമയുടെ പല മേഖലകളെ കുറിച്ച് പഠിച്ച ആൾക്കാരാണ്. അവരിൽ നിന്നാണ് ഞാൻ സിനിമയെ അടുത്തറിയുന്നത്. എൻജിനിയറിംഗിന് ശേഷം ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ ആളാണ്. അതുവരെ സിനിമയെ കുറിച്ച് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. പഠിത്തം കഴിഞ്ഞ ശേഷം ഒരു ചാനലിൽ കുറച്ച് നാൾ വർക്ക് ചെയ്തു. അതായിരുന്നു സിനിമയിലേക്ക് വരാനുള്ള ആത്മവിശ്വാസം. ഇപ്പോഴും സംവിധായകനോട് നൂറു സംശയങ്ങൾ ചോദിക്കുന്ന കുട്ടിയാണ് ഞാൻ. കഥ കേൾക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുക അതിലെ സ്ത്രീ കഥാപാത്രത്തെയാണ്. സ്ത്രീ റെപ്രസെന്റ് ചെയ്യുന്ന സാഹചര്യം, ആ കഥാപാത്രത്തിന് കിട്ടുന്ന സ്പേസ് ഇതൊക്കെ കൃത്യമായി നോക്കാറുണ്ട്. അതുപോലെ എന്റെ സ്ത്രീ കഥാപാത്രങ്ങൾക്ക് ഒരു ഐഡന്റിറ്റി നിർബന്ധമായും വേണം. അവർക്ക് സിനിമയിൽ പ്രാധാന്യമുണ്ടെങ്കിൽ മാത്രമേ ചെയ്യൂ. താമരയാണ് ഇനി റിലീസാകാനുള്ള ചിത്രം. പ്രധാന വേഷമാണ്, ഏറെ പ്രതീക്ഷയുണ്ട്. ഒരു ബംഗാളി സിനിമയുടെയും ഭാഗമായി. ഒബിമാനി ജ്യുവൽ എന്നാണ് സിനിമയുടെ പേര്. ഫെസ്റ്റിവൽസിലൊക്കെ പോയി മികച്ച അഭിപ്രായം കിട്ടി. നല്ല അവസരങ്ങൾ കിട്ടിയാൽ ഇനിയും അന്യഭാഷകളിലുണ്ടാകും.
ചെയ്യുന്നതെല്ലാം
ഇഷ്ടപ്പെട്ട വേഷങ്ങളാണ്
പലരും ചോദിക്കുന്ന കാര്യമാണ്, അവാർഡ് ചിത്രങ്ങളാണോ അനുവിന് പ്രിയമെന്ന്. ഒരു പ്രത്യേക ജോണർ സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. നാട്ടിലൊക്കെ ചോദിക്കാറുണ്ട് ഞങ്ങൾക്കൊക്കെ കാണാൻ കഴിയുന്ന സിനിമ എപ്പോഴാണ് ചെയ്യുക എന്ന്. എല്ലാവരും കാണേണ്ട സിനിമകൾ തന്നെയാണ് ഞാൻ ചെയ്യുന്നത്. കഥ കേട്ട് എനിക്കിഷ്ടപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് അഭിനയിക്കുന്നത്, അതുപോലെ, എനിക്കിഷ്ടപ്പെടുന്ന കാര്യങ്ങൾ സംസാരിക്കുന്ന സിനിമയുടെ ഭാഗമാകാനാണ് ഞാനെപ്പോഴും നോക്കാറ്. എല്ലാ സിനിമയും ചെയ്യുമ്പോൾ പ്രേക്ഷകരിലേക്ക് എത്തണമെന്ന് കരുതി തന്നെയാണ് ചെയ്യുന്നത്. അതൊന്നും അവാർഡ് പടങ്ങൾ എന്ന കാറ്റഗറിയിൽ പെടുത്തരുത്. നല്ല സിനിമകൾ എന്ന പേരിൽ അറിയപ്പെടാനാണ് ഇഷ്ടം. അടുത്തിടെ അവാർഡ് കിട്ടിയ ചിത്രങ്ങൾ പരിശോധിച്ചാൽ അത് മനസിലാകും. കൊമേഴ്യൽ സിനിമകളല്ലേ ഇപ്പോൾ അവാർഡ് വാരിക്കൂട്ടുന്നത്.